ആറന്മുള പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി; കാണാതായവര്‍ക്കുള്ള തിരിച്ചില്‍ തുടരുന്നു

ആറന്മുള പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി

കോഴഞ്ചേരി| priyanka| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (10:10 IST)
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ കാണാതായി. കീഴ്‌ചേരിയില്‍ തോണ്ടിയത്ത് രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ രാജീവ് കുമാറി(37)നെയും കീഴ്‌ചേരിമേല്‍ കല്ലൂരേത്ത് പരേതനായ ബി രാധാകൃഷ്ണന്‍ നായരുടെ മകന്‍ വിശാഖ് രാധാകൃഷ്ണനെയുമാണ്(24) കാണാതായത്. ക്രിക്കറ്റ് താരം കരുണ്‍ നായരുടെ ബന്ധുവാണ് രാജീവ്.കരുണിന്‌റെ വഴിപാടായാണ് വള്ളസദ്യ നടത്തയത്. ഇന്നലെ 11.45ന് ആറന്മുള സത്രക്കടവിനും ക്ഷേത്രക്കടവുിനും മധ്യേ തോട്ടപ്പുഴശേരിയിലെ ചെറുവള്ളക്കടവിനു സമീപത്താണ് വള്ളം മറിഞ്ഞത്.

എണ്‍പത്തഞ്ചിലധികം പേരുണ്ടായിരുന്ന പള്ളിയോടം തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കാറ്റുപിടിച്ച് മറിഞ്ഞു മണ്‍പുറ്റില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. പള്ളിയോടം മറിഞ്ഞയുടന്‍ പള്ളിയോട സേവാ സംഘത്തിന്റെ രക്ഷാബോട്ടും എന്‍ജിന്‍ ഘടിപ്പിച്ച വള്ളവും സംഭവസ്ഥലത്തെത്തി വെള്ളത്തില്‍ വീണവരെ തോട്ടപ്പുഴശേരി കരയിലേക്ക് എത്തിച്ചു. പലരും പല കടവിലേക്ക് നീന്തി രക്ഷപ്പെടുകയും ചെയ്തു. അരമണിക്കൂറിന് ശേഷം കരക്കാര്‍ ക്ഷേത്രക്കടവിലെത്തി ആളെ എണ്ണി നോക്കുമ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് സംശയം തോന്നിയത്. ഉടന്‍ തന്നെ പൊലീസിലും അഗ്നി ശമനാസേനയിലും വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കാലവര്‍ഷം ശക്തമായതിനാല്‍ പമ്പാനദിയിലെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് രാവിലെയും പുനരാരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :