കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (14:35 IST)
ഹര്‍ത്താല്‍ മലയാളിക്ക് ഒരു ശാപമായിട്ടും ഹര്‍ത്താലിന് ഒരു കുറവുമില്ല. ഹര്‍ത്താല്‍ എന്നു കേട്ടാല്‍ മലയാളി അന്ന് വീടിനു പുറത്തിറങ്ങില്ല. ഹര്‍ത്താലുകളോടുള്ള അനുഭാവം മൂലമല്ല ഇത്, നിവൃത്തിക്കേടു കൊണ്ടാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ യാത്ര തടസ്സപ്പെടുത്തുമോ എന്ന ഭയവും ജീവനിലുള്ള കൊതിയുമാണ് പലരെയും ഹര്‍ത്താല്‍ ദിനത്തില്‍ യാത്രകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
അതേസമയം, പൊതുജനത്തെ വലയ്ക്കുന്ന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ ഈ സമയം സുഖയാത്ര നടത്തുകയാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ സമാധാനത്തോടെ പൊതുനിരത്തില്‍ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്താല്‍ അവര്‍ക്ക് എതിരെ അക്രമമായിരിക്കും ഉണ്ടാകുക.
‘സേ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകന് ആണ് ഇത്തരത്തില്‍ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. എ പ്രദീപ് കുമാര്‍ എം എല്‍ എയുടെ സഹായിയാണ് മര്‍ദ്ദിച്ചത്. എറണാകുളത്തായിരുന്നു സംഭവം. എറണാകുളം സൌത്ത് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ എം എല്‍ എയെ കൊണ്ടുപോകാന്‍ സഹായി വാഹനവുമായി എത്തിയിരുന്നു. വാഹനത്തില്‍ കയറിയ എം എല്‍ എയോട് ‘സേ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകനായ രാജു പി നായര്‍, ‘സഖാവേ, ഇന്ന് ഹര്‍ത്താല്‍ അല്ലേ‘ എന്ന് ചോദിക്കുകയായിരുന്നു. ഈ ചോദ്യമാണ് എം എല്‍ എയുടെ സഹായിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചോദ്യകര്‍ത്താവ് ആയ രാജു പി നായരെ സഹായി മര്‍ദ്ദിക്കുകയായിരുന്നു.
ഈ സമയത്ത് കാറില്‍ ഇരിക്കുകയായിരുന്നു എം എല്‍ എ പുറത്തിറങ്ങുകയും രംഗം ശാന്തമാക്കുകയും സഹായിയെയും കൂട്ടി എം എല്‍ എ യാത്ര തുടരുകയും ചെയ്തു. അതേസമയം, ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് എം എല്‍ എ പ്രതികരിച്ചത്. സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ഹര്‍ത്താല്‍ ദിനമായ ഇന്ന് യാത്ര നടത്തി.