ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ചട്ടലംഘനം: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഫേസ്ബുക്കടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനിടയായ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ആര്‍. സാജനെയാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തത്. ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പ്രതികളെ ജയില്‍മാറ്റണമെന്ന ഡിജിപിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച 28 ജീവനക്കാരെ സ്ഥലം മാറ്റാനും ഇന്നലെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു.

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ജയിലില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബും കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിനു പിന്നാലെ ജയിലില്‍ നടത്തിയ തിരച്ചിലില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചു.

2012 ജൂണ്‍ മുതല്‍ 2013 ഡിസംബര്‍ വരെ വിവിധ സമയങ്ങളിലായാണ് ടി പി വധക്കേസിലെ ആദ്യ ഏഴ് പ്രതികളില്‍ ടി കെ രജീഷ് ഒഴികെയുള്ളവര്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് തുറന്നത്. കൊടി സുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെ ആറ് പേരാണ് ഫേസ് ബുക്കില്‍ സജീവമായ പ്രതികള്‍. പ്രതികള്‍ ജയിലില്‍ ബര്‍മുഡയും കൂളിംഗ് ഗ്ലാസും ഉപയോഗിക്കുന്നുവെന്നും ഫെയ്‌സ് ബുക്ക് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കിര്‍മാണി മനോജാണ് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. 547 ഫോട്ടോകളും മൊബൈല്‍ വഴിയാണ് അപ്‌ലോഡ് ചെയ്തത്. ആറു പേരില്‍ ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളതും മനോജ് കിര്‍മാണിക്കാണ്. 2013 സെപ്തംബര്‍ 14ന് മാവേലിയുടെ വേഷത്തില്‍ സുമേഷിനൊപ്പം കിര്‍മാണി മനോജ് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് കിര്‍മാണി തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :