തിരുവനന്തപുരം|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2015 (11:57 IST)
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം
വൈഗ റിസര്‍വോയറിലേക്ക് കൊണ്ടുപോകണമെന്ന് കത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും വ്യക്തിപരമായിത്തന്നെ പ്രശ്നത്തില്‍ ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി ജയലളിതയോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍തന്നെ ജലം കെട്ടിനില്‍ക്കുകയാണ്. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് ജലനിരപ്പ് 142 അടി കടക്കുന്ന സ്ഥിതിയാണുള്ളത്. ഈ നിലയില്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുക എന്നത് ബുദ്ധിയല്ല. അങ്ങനെ ചെയ്തപ്പോഴുള്ള മുന്‍കാല അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം - മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.