ഹെയ്തി ദുരന്തം: ട്വിറ്റര്‍ കരയുന്നു

ലോസ്ഏഞ്ചല്‍‌സ്| WEBDUNIA|
PRO
PRO
ഹെയ്തി ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. നിരവധി വീടുകളും ജീവനുകളും തകര്‍ത്തെറിഞ്ഞ ദുരന്ത ദുഃഖത്തിലാണ് ലോകം. ഹെയ്തി ദുരന്തത്തിന്റെ ദുഃഖം നെറ്റ് ലോകത്തും പ്രകടമാണ്. ജനപ്രിയ സോഷ്യല്‍ മീഡിയകളിലെല്ലാം വിഷയം ഹെയ്തിയിലെ ഭൂകമ്പം തന്നെയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഹെയ്തി ദുരന്തദുഃഖം നിറഞ്ഞുനില്‍ക്കുകയാണ്. ട്വിറ്റര്‍ തുടങ്ങിയതിന് ശേഷം ആദ്യമായുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തം കൂടിയാണ് ഹെയ്തിയിലെ ഭൂകമ്പം.

ട്വിറ്ററിലെ മിക്ക അംഗങ്ങളും ഹെയ്തിയിലെ ദുരന്തത്തില്‍ അനുശോചന ട്വീറ്റ്സ് പോസ്റ്റ് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ട്വിറ്ററിലെ ജനപ്രിയ പത്ത് തലക്കെട്ടുകളില്‍ നാലെണ്ണം ഹെയ്തി ഭൂകമ്പമാണ്. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞെന്നാണ് ഏറ്റവും അവസാനം ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിരവധി ട്വിറ്റര്‍ അംഗങ്ങള്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പോര്‍ട്ട്-ഓ- പ്രിന്‍സ്, ഹെല്‍‌പ് ഹെയ്തി, യെലെ എന്നീ പേരുകളിലാണ് ദുരിതാശ്വാസ പ്രവത്തനങ്ങള്‍ക്കായി സംഘം ചേര്‍ന്നിരിക്കുന്നത്. ഹെയ്തിയിലെ സംഗീതജ്ഞനായ വൈക്‍ലെഫ് ജീന്‍ ട്വിറ്റര്‍ അംഗങ്ങളുമായി ചേര്‍ന്ന് ദുരിതാശ്വാസ പദ്ധതികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

‘യെലെ’ എന്ന വാക്ക് 501501 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യാനാണ് ലോകജനതയോട് ജീന്‍ ആവശ്യപ്പെടുന്നത്. ഇതിലൂടെ ഓരോ എസ് എം എസിനും അഞ്ച് ഡോളര്‍ വീതം ലഭിക്കും. ഈ വരുമാനം ഹെയ്തി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ട്വിറ്റര്‍ ദുരന്തത്തിലും മികച്ച സേവനമാണ് നടത്തുന്നത്. ദുരിതബാധിതരെ സഹായിക്കാനും അവരുടെ ദുഃഖങ്ങള്‍ ലോകത്തിന് മുന്നില്‍ അര്‍പ്പിക്കാനും 140 അക്ഷരങ്ങളുടെ ട്വീറ്റ്സ് വന്‍ സഹായമാണ് നല്‍കുന്നത്. 2006ല്‍ പ്രവര്‍ത്തനം തുടങ്ങിയ ട്വിറ്റര്‍ ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ കൂടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :