പ്രിയതമയെ ഞാന്‍ പിരിയുകയാണ്....

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
പ്രിയതമയെ ഞാന്‍ പിരിയുകയാണ്... ഊണിലും ഉറക്കത്തിലും അവളായിരുന്നു എന്റെ സുഹൃത്ത്. ചൊവ്വാഴ്ച രാവിലെ തന്നെ ഏറെ സങ്കടത്തിലാണ്. ഇന്ന് എന്റെ പ്രിയ സുഹൃത്തായ് ഫേസ്ബുക്കിനെ പിരിയുകയാണ്. ഫേസ്ബുക്ക് അക്കൌണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുകയാണ്... ഫ്രീന്‍ലാന്‍സ് പത്രപ്രവര്‍ത്തകനായ ജനിനെ ലീഗല്‍ലിന്റെ വാക്കുകളാണിത്.

ഒരു വര്‍ഷം മുമ്പാണ് താന്‍ ഫേസ്ബുക്കിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പിന്നെ ഫേസ്ബുക്കിന് താന്‍ അടിപ്പെട്ടു. അവളില്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാതായി. പലരും പറഞ്ഞു, നിനക്ക് മാനസിക രോഗമാണെന്ന്. ആയിരിക്കാം, അത്രയ്ക്കും ഫേസ്ബുക്കിനെ ഇഷ്ടപ്പെട്ടു പോയി. ലോകത്തെ വിവിധ സുഹൃത്തുക്കളുമായി സൌഹൃദം പങ്കുവയ്ക്കാന്‍ അവള്‍ ഏറെ സഹായിച്ചിട്ടുണ്ട്. വിവിധ സുഹൃത്തുക്കളുമായി അടുക്കാനും അവരെ അകമഴിഞ്ഞ് സ്നേഹിക്കാനും പഠിപ്പിച്ചത് ഫേസ്ബുക്കാണ്. തന്റെ വ്യക്തിത്വത്തില്‍ ഫേസ്ബുക്ക് എന്തുമാത്രം സ്വാധീനം ചെലുത്തിയെന്നറിയില്ല. അത്ഭുതം തന്നെ, നെറ്റിലെ കേവലം ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിന് മനുഷ്യ ബന്ധങ്ങള്‍ ദൃഡമാക്കാനുള്ള കഴിവ് അപാരം തന്നെ.

നെറ്റ് ലോകത്തുള്ള 400 ദശലക്ഷം സുഹൃത്തുക്കളെയാണ് അവള്‍(ഫേസ്ബുക്ക്) തനിക്ക് മുന്നില്‍ കൊണ്ടുവന്നത്. പലരേയും പരിചയപ്പെട്ടു, ചിലരെ അടുത്തറിഞ്ഞു, സ്നേഹിച്ചു. ടെലിഫോണും മൊബൈലും എന്തിന്, ഇ-മെയില്‍ പോലും താന്‍ മറന്നുപോയി. ആശയവിനിമയങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്ത ഫേസ്ബുക്കില്‍ ഫോണിനെന്ത് സ്ഥാനം... ശരിക്കും ഇവിടെ ആഘോഷമാണ്. തമാശയുണ്ട്, കാര്യമുണ്ട്, ദൃശ്യങ്ങളുണ്ട്, മതിമറന്ന് സംസാരിക്കാം, ഉപേദേശിക്കാം, ഉപദേശങ്ങള്‍ സ്വീകരിക്കാം... അങ്ങനെ, ഒരു നൂറുകൂട്ടം സഹായങ്ങള്‍ നല്‍കിയ കാമുകിയെ(ഫേസ്ബുക്കിനെ) താന്‍ എങ്ങനെയാണ് മറക്കുക.

സാങ്കേതിക ലോകത്തെ യുവാക്കളുടെ ട്രന്റായി ഫേസ്ബുക്ക് മാറികഴിഞ്ഞു. നെറ്റ്ലോകത്ത് ഒന്നാം നമ്പര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഫേസ്ബുക്ക് തന്നെയാണ്. മിക്ക പ്രഭാതങ്ങളും രാത്രികളും താന്‍ അവളോടൊത്തു കഴിഞ്ഞു. എന്തിനു കഴിഞ്ഞ ഒരു വര്‍ഷത്തെ 365 ദിവസവും താന്‍ അവളോടൊപ്പം തന്നെയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്രത്തോളം സ്റ്റാറ്റസ് അപ്ഡേഷനുകള്‍ ചെയ്തെന്ന് അറിയില്ല. തന്റെ ഓരോ ചലനങ്ങള്‍ താന്‍ അവളെ അറിയിച്ചുക്കൊണ്ടേയിരുന്നു. ചായ കുടിക്കുന്നതും, യാത്ര പോകുന്നതും എന്തിന് ഉറങ്ങാന്‍ പോകുന്നത് വരെ ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. തനിക്ക് തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞും ചിരിച്ചും കളിച്ചും ഒരു വര്‍ഷം പോയത് അറിഞ്ഞില്ല. യൂട്യൂബ് സംഗീതം, വീഡിയോകള്‍, ജനപ്രിയ ടെലിവിഷന്‍ പരിപാടികള്‍, എഴുത്തുകള്‍, വാര്‍ത്തകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എല്ലാം വേണ്ട പോലെ ആസ്വദിക്കാന്‍ ഫേസ്ബുക്ക് അവസരമൊരുക്കി തന്നു. പ്രസിദ്ധരായ നിരവധി പേരെ പരിചയപ്പെടുത്തിത്തരാന്‍ അവള്‍ക്ക് ഒരു മടിയുമില്ലായിരുന്നു.

ഫേസ്ബുക്കില്‍ നിന്ന് കുറെ വിവരങ്ങള്‍ നേടി. രാഷ്ട്രീയം, നിയമങ്ങള്‍, തത്വചിന്തകള്‍ എല്ലാം പലരിലൂടെയും പഠിക്കാന്‍ സാധിച്ചു. അങ്ങനെ, ഒരു വര്‍ഷം തന്റെ വീടും ചുറ്റും പാടും മറന്നു... യഥാര്‍ത്ഥ ജീവിതം ആസ്വദിക്കാന്‍ താന്‍ മറന്നുപ്പോയിരിക്കുന്നു. തന്റെ വീട്ടിലെ ഓനമപ്പൂച്ചയെ പോലും താന്‍ മറന്നുപോയോ?. എല്ലാം ഫേസ്ബുക്ക് എന്ന കാമുകി തട്ടിയെടുക്കുകയായിരുന്നു.

ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളില്‍ പോലും മറ്റുള്ളവരുടെ സ്റ്റാറ്റസ് വായിക്കാനും ചിത്രങ്ങളും വീഡിയോകളും അവരുടെ സ്ക്രാപ്പുകള്‍ വായിക്കാന്‍ സമയം കണ്ടെത്തി. അലസ്യമായി നെറ്റിലൂടെ അലഞ്ഞുനടക്കുമ്പോള്‍ കണ്ടവര്‍ക്കൊക്കെ കമന്റുകള്‍ കൈമാറി.

ഫേസ്ബുക്ക് നല്‍കിയ സുഹൃത്തുക്കളെ ആദ്യകാലങ്ങളില്‍ കൈയും നീട്ടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇരുന്നൂറോളം സ്ഥിരം സുഹൃത്തുക്കള്‍ തനിക്കുണ്ടായിരുന്നു. പക്ഷെ, ആരെയും താന്‍ നിരാശപ്പെടുത്തിരുന്നില്ല. സുഹൃത്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും സൌഹൃദം തേടി വന്നവര്‍ക്കൊക്കെ സ്നേഹം നല്‍കി. അതെ, ജീവിതത്തിലെ സൌന്ദര്യമായിരുന്നു ഫേസ്ബുക്ക്.
PRO
PRO


സമയം ഏറെ കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്ക് എന്ന കാമുകിക്കൊപ്പം ഇനിയും കറങ്ങി നടന്നാല്‍ വീടും ജീവിതവും നശിക്കും. ഭാവിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. എല്ലാം മുടങ്ങി കിടക്കുകയാണ്. എല്ലാറ്റിനും ക്രമീകരണം വരുത്തണം. യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങിവരേണ്ടിയിരിക്കുന്നു. പ്രിയ കാമുകീ (ഫേസ്ബുക്ക്) യാത്ര ചോദിക്കുകയാണ്. നിന്നോട് മാത്രമല്ല, നീ തന്ന സുഹൃത്തുക്കളോടും യാത്ര ചോദിക്കുകയാണ്. ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നതോടെ തീരുന്നതല്ല നമ്മുടെ സൌഹൃദ് ബന്ധങ്ങള്‍. തന്റെ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും എല്ലാവരുടെ കൈയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്... ബന്ധങ്ങള്‍ തുടരുക... ബൈ.... നിങ്ങളുടെ സ്വന്തം ജനിനെ ലീഗല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :