പ്രണയപങ്കാളിയുടെ രഹസ്യങ്ങള്‍

WEBDUNIA|
PRO
കാമുകനും കാമുകിയും തമ്മില്‍ എത്രമാത്രം രഹസ്യങ്ങള്‍ പങ്കുവയ്ക്കാം? അതിനു പരിധികളുണ്ടോ? ഈ സംശയങ്ങള്‍ പ്രണയബന്ധമുള്ള എല്ലാവരുടെ ഉള്ളിലും ഉയരാറുണ്ട്. താന്‍ ജീവനു തുല്യം സ്നേഹിക്കുന്നയാളില്‍ നിന്ന് തന്നെ സംബന്ധിച്ച രഹസ്യങ്ങള്‍ മറച്ചു വയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നവര്‍ ഏറെയാണ്. എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ പാടില്ലെന്നു വിശ്വസിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

പ്രണയത്തിലായി കുറേക്കഴിഞ്ഞാല്‍ കമിതാക്കള്‍ പരസ്പരം എല്ലാ രഹസ്യങ്ങളും പങ്കുവയ്ക്കേണ്ടതാണെന്ന് എവിടെയും നിയമമൊന്നും പാസാക്കിയിട്ടില്ല. എന്നാല്‍ പരസ്പരമുള്ള വിശ്വസ്തതയാണ് ഒരു പ്രണയബന്ധത്തിന്‍റെ അടിസ്ഥാനമെന്ന് പറയേണ്ടതില്ലല്ലോ. പരസ്പരമുള്ള അമിത വിശ്വാസം ചിലപ്പോള്‍ പ്രണയബന്ധത്തെ തകര്‍ക്കും എന്നും പറയാതെ വയ്യ.

നിങ്ങളുടെ ഇ - മെയില്‍ ഇന്‍‌ബോക്സില്‍ പഴയ ഫ്രണ്ടിന്‍റെ ഒരു മെയില്‍ കണ്ടാല്‍ നിങ്ങളുടെ പ്രണയ പങ്കാളി അനിഷ്ടം പ്രകടിപ്പിക്കുമോ? അങ്ങനെ ഒരിക്കല്‍ അനിഷ്ടം പ്രകടിപ്പിച്ചാല്‍ പിന്നീട് അത്തരം മെയിലുകള്‍ നിങ്ങള്‍ക്ക് പങ്കാളിയെ കാണിക്കാനുള്ള ധൈര്യമുണ്ടാകുമോ? ഇവിടെയാണ് പ്രശ്നം. ചില കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് പ്രണയം തകരാന്‍ ഇടയാക്കുന്നത്. ചിലത് പങ്കാളിയോട് പറയാതിരിക്കുകയും പിന്നീട് മറ്റ് വഴികളിലൂടെ അവര്‍ അറിയുകയും ചെയ്യുന്നത് അതിനേക്കാള്‍ വലിയ അപകടമുണ്ടാക്കും.

തിരുവനന്തപുരം സ്വദേശിനി ശ്രീജ പറയുന്നത് കമിതാക്കള്‍ പരസ്പരം രഹസ്യങ്ങളേ പാടില്ലെന്നാണ്. പങ്കാളി അറിയാതെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റാണെന്നും അത് വ്യക്തിത്വമില്ലായ്മയാണെന്നുമാണ് ശ്രീജയുടെ അഭിപ്രായം. എന്നാല്‍ തിരുവനന്തപുരത്തു തന്നെയുള്ള പ്രമോദ് ഭാസ്കരന്‍ ‘അല്‍പ്പം രഹസ്യമൊക്കെ ആകാം’ എന്ന അഭിപ്രായക്കാരനാണ്. പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനൊരു പരിധി നിങ്ങള്‍ തന്നെ നിശ്ചയിക്കണം - അനില്‍ പറയുന്നു.

പരസ്പരം അഗാധമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ ഏതു വലിയ രഹസ്യവും പങ്കുവയ്ക്കാമെന്നാണ് പത്തനാപുരം സ്വദേശിനി വിബിത പറയുന്നത്. സ്നേഹം നടിക്കുന്നവരാണ് പങ്കാളിയില്‍ നിന്ന് ‘ചില’ കാര്യങ്ങള്‍ മറയ്ക്കുന്നതത്രേ. ഇരിങ്ങാലക്കുട സ്വദേശിനി ഫെബി മേരിക്കും ഇതേ അഭിപ്രായമാണ്. പങ്കാളി ചില രഹസ്യങ്ങള്‍ തന്നില്‍ നിന്ന് മറച്ചു വയ്ക്കുന്നു എന്ന ചിന്ത ആരെയും വേദനിപ്പിക്കുമെന്നാണ് ഫെബിയുടെ ചിന്ത.

വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നവരോട് ഏത് വലിയ രഹസ്യത്തിന്‍റെ കെട്ടും അഴിച്ചുവയ്ക്കാമെന്ന് അടൂര്‍ സ്വദേശി ജുബിന്‍ മാധവ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇക്കാലത്ത് ചില രഹസ്യങ്ങളൊക്കെ ഇല്ലാത്തവര്‍ ചുരുക്കമാണെന്നും അതൊക്കെ പ്രണയ പങ്കാളിക്കു മുന്നില്‍ വെളിപ്പെടുത്തിയാല്‍ ‘കഥ കഴിഞ്ഞതു തന്നെ’ എന്നുമാണ് ചെന്നൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിനി അഷിമ പ്രതികരിച്ചത്.

ഈ പ്രതികരണങ്ങളില്‍ എല്ലാം ശരികളുണ്ട്. ഇവരൊക്കെ പറഞ്ഞത് സത്യമാണ്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ എല്ലാ പ്രണയബന്ധങ്ങളിലും ബാധകവുമല്ല. പ്രണയപങ്കാളിയുടെ മനസ് അറിയുക എന്നതാണ് പ്രധാനം. ഒരു രഹസ്യം തുറന്നു പറഞ്ഞാല്‍ പങ്കാളി എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഒരു ബോധ്യമുണ്ടാകണം. കുഴപ്പമുണ്ടാകാന്‍ സാധ്യതയുള്ള രഹസ്യങ്ങളാണെങ്കില്‍ അത് ഏതു രീതിയില്‍ അവതരിപ്പിച്ചാലാണ് പങ്കാളിക്ക് ബോധ്യമാവുക എന്ന് ചിന്തിക്കണം. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആളെ ‘ഹര്‍ട്ട്’ ചെയ്യാത്ത രീതിയില്‍ വേണം രഹസ്യങ്ങള്‍ അവതരിപ്പിക്കാന്‍. എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ്. ഹൃദയം നിറഞ്ഞ സ്നേഹം രണ്ടു പേരും തമ്മില്‍ ഉണ്ടങ്കില്‍ അവര്‍ക്കിടയില്‍ രഹസ്യങ്ങളുടെ നിഗൂഢ അറകള്‍ ഒരു ഭംഗികേടാണ്. ‘ഓപണ്‍’ ആയി ജീവിക്കുക. പങ്കാളിയോട് ഏറ്റവും സ്വതന്ത്രമായി ഇടപെടുക. അതിലൂടെ അവരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും ഏതു രഹസ്യവും തുറന്നു പറയുകയും ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :