ദക്ഷിണക്കൊറിയയില്‍ ട്വിറ്ററിന് വിലക്ക്

സിയോള്‍| WEBDUNIA| Last Modified ശനി, 20 ഫെബ്രുവരി 2010 (12:06 IST)
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് ദക്ഷിണക്കൊറിയയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ട്വിറ്ററിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും രാഷ്ട്രീയ ബോധവത്കരണങ്ങളും തെരഞ്ഞെടുപ്പിന് 180 ദിവസം മുന്‍‌പെങ്കിലും നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വിറ്ററില്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള ചെറിയ വിലയിരുത്തലുകള്‍ പോലും നിയന്ത്രിക്കപ്പെടും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍, വീഡിയോകള്‍, ചിത്രങ്ങള്‍ ഒന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ല. പണക്കാരായ മത്സരാര്‍ഥികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നേരത്തെ അമേരിക്ക, ഇറാന്‍, അഫ്ഗാന്‍ തെരഞ്ഞെടുപ്പുകളില്‍ മുഖ്യ സ്വാധീനം ചെലുത്തിയ സൈറ്റ് കൂടിയാണ് ട്വിറ്റര്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ സ്രോതസ്സ് ട്വിറ്റര്‍ ആയിരുന്നു എങ്കില്‍ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറെ സഹായിച്ചത് ട്വിറ്റര്‍ ആയിരുന്നു. ദക്ഷിണക്കൊറിയയില്‍ ജൂണ്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :