ചൈനീസ് ഗ്രീന്‍ ഡാമിനെതിരെ കേസ്

ബീജിംഗ്| WEBDUNIA|
PRO
PRO
ചൈനയിലെ ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന പ്രത്യേക സോഫ്റ്റ്വയര്‍ ഗ്രീന്‍ ഡാമിനെതിരെ കേസ്. യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയാണ് ചൈനീസ് സര്‍ക്കാറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ചൈനീസ് സര്‍ക്കാറും മറ്റു രണ്ട് ചൈനീസ് സോഫ്റ്റ്വയര്‍ കമ്പനികളും കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും ചേര്‍ന്ന് തങ്ങളുടെ ഉല്‍പ്പന്നം പകര്‍ത്തുകയായിരുന്നു എന്നാണ് അമേരിക്കന്‍ കമ്പനിയുടെ പരാതി. നഷ്ടപരിഹാരമായി 2.2 ബില്യന്‍ ഡോളര്‍ നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്ത ബാര്‍ബറയിലെ സൈബര്‍സിറ്റര്‍ കമ്പനിയാണ് ചൈനീസ് സര്‍ക്കാറിനെതിരെ ലോസ് ഏഞ്ചല്‍‌സ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സൈബര്‍സിറ്റര്‍ പുറത്തിറക്കിയ നെറ്റ് നിയന്ത്രണ സോഫ്റ്റ്വയറിലെ മുന്നോറോളം ലൈന്‍ കോഡുകള്‍ ഗ്രീന്‍ഡാം ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ഇന്റര്‍നെറ്റ് ഫില്‍ട്ടര്‍ സോഫ്റ്റ്വയര്‍ വിഭാഗത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ സോഫ്റ്റ്വയര്‍ മോഷണം നടത്തിയതിനെതിരെ ശക്തമായ നടപടി വേണമെന്ന് സൈബര്‍സിറ്റര്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

സെങ്സൌ ജിന്‍‌ഹൂയി കമ്പ്യൂട്ടര്‍ സിസ്റ്റം എഞ്ചിനീയറിംഗും ബീജിംഗ് ഡാസെങ് ഹ്യൂമന്‍ ലാംഗ്വേജ് ടെക്നോളജി അക്കാദമിയും ചേര്‍ന്നാണ് ഗ്രീന്‍ ഡാം വികസിപ്പിച്ചെടുത്തത്. 'ഗ്രീന്‍ ഡാം' സോഫ്റ്റ്വയര്‍ നടപ്പിലാക്കിയ ചൈനീസ് സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും എതിര്‍പ്പ് ശക്തമായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് ചൈന. ഗ്രീന്‍ ഡാം സോഫ്റ്റ്വെയറിന്‍റെ സഹാ‍യത്തോടെ അശ്ലീലങ്ങളും അക്രമവാസന വളര്‍ത്തുന്ന വെബ്സൈറ്റുകളും നിയന്ത്രിക്കാമെന്നാണ് അധികൃതര്‍ വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :