ചൈനയില്‍ നെറ്റ് നിയന്ത്രണം തുടരുന്നു

ബീജിംഗ്| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (17:44 IST)
ചൈനയിലെ നെറ്റ് നിയന്ത്രണം തുടരുകയാണ്. ഏറ്റവും അവസാനമായി ചൈനയിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ദിഗു, പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു. ചൈനീസ് ഭരണക്കൂടത്തിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ രണ്ട് വെബ്സൈറ്റുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്.

സേവനം താല്‍കാലികമായി നിര്‍ത്തിവച്ച വിവരം ദിഗു ഹോം പേജില്‍ നല്‍കിയിട്ടുണ്ട്. അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുന്നു എന്നാണ് ഹോം പേജില്‍ നല്‍കിയിരുന്നത്. ട്വിറ്ററിനെ പോലുള്ള ഈ രണ്ട് സൈറ്റുകളും സര്‍ക്കാര്‍ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുമെന്ന് മുന്‍‌കൂട്ടി കണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ഡാറ്റകള്‍ പുതിയ സര്‍വറിലേക്ക് മാറ്റുകയാണെന്നും അതിനാലാണ് സൈറ്റ് പ്രവര്‍ത്തിക്കാത്തതെന്നും ദിഗു വക്താവ് അറിയിച്ചു. കുറച്ച് ആഴ്ചകളായി ദിഗുവില്‍ രാഷ്ട്രീയ പരമായ ചര്‍ച്ചകള്‍ വര്‍ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അത്തരം ഉള്ളടക്കങ്ങള്‍ തങ്ങള്‍ നിയന്ത്രിച്ചിരുന്നതായി ദിഗു വക്താവ് പറഞ്ഞു.

അതേസമയം, സൈറ്റ് നിര്‍ത്തിയത് സംബന്ധിച്ച് സുവോസ പ്രതികരിച്ചിട്ടില്ല. നെറ്റ് നിയന്ത്രണത്തിനായി ചൈനയില്‍ അടുത്തിടെയാണ് കമ്പ്യൂട്ടറുകള്‍ക്ക് പ്രത്യേക സോഫ്റ്റ്വയര്‍ ‘ഗ്രീഡാം’ ഘടിപ്പിക്കണമെന്ന നിയമം വന്നത്. ജൂണ്‍ ഒന്നു മുതല്‍ ഈ നിയമം നിലവില്‍ വന്നെങ്കിലും സുവോസ, ദിഗു സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.

നേരത്തെ ചൈനയില്‍ നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി ജനപ്രിയ സൈറ്റുകളൊക്കെ ചൈനയില്‍ നിരോധനത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :