ഒരു ദിവസം ഫേസ്ബുക്ക് നീക്കുന്നത് 20,000 പ്രൊഫൈലുകള്‍!

സിഡ്നി| WEBDUNIA|
PRO
സ്വകാര്യ സുരക്ഷ സംബന്ധിച്ച നയങ്ങള്‍ പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ഫേസ്ബുക്ക് ശക്തമാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതെല്ലാം ഓരോദിവസം ചെല്ലുന്തോറും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഫേസ്ബുക്ക് വായിക്കാനുവാദം. എന്നാല്‍ ‘കുട്ടി‘ ബ്രൌസര്‍മാര്‍ നിര്‍മ്മിക്കുന്ന വ്യാജ പ്രൊഫലുകള്‍ നീക്കം ചെയ്യലാണ് അധികൃതരുടെ കാര്യമായ പണി. ഫേസ്ബുക്ക് 20,000 പ്രൊഫൈലുകളാണത്രെ ഓരോ ദിവസവും നീക്കം ചെയ്യുന്നത്.

നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളുടെ കാര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി തിങ്കളാഴ്ച്ചയാണ് ഓസ്ട്രേലിയയില്‍ സൈബര്‍ സുരക്ഷാ കമ്മറ്റി ചേര്‍ന്നത്. നുണപറയുന്നവരും പ്രായപൂര്‍ത്തിയാകാത്തവരും സൈറ്റുകളില്‍ നിരവധിയാണെങ്കിലും ഇവരെ തടയാനായി ഇതു വരെ സാങ്കേതികവിദ്യകളൊന്നുമില്ലെന്ന് മുതിര്‍ന്ന ഫേസ്ബുക്ക് സുരക്ഷാ ഉപദേഷ്ടാവ് മൊസില്ലെ തോംപ്സണ്‍ പറഞ്ഞു. അതേസമയം സുരക്ഷയുടെ കാര്യം വളരെ ഗൌരവത്തോടെയാണ് തങ്ങളെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാഹുവിന്‍റെയും മൈക്രോസോഫ്റ്റിന്‍റെയും പ്രതിനിധികള്‍ കമ്മറ്റിയിലുണ്ട്.

സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്കിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് യു എസ് സെനറ്റര്‍ അല്‍ ഫ്രാങ്കന്‍ കഴിഞ്ഞ മാസം ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിന് കത്തെഴുതിയിരുന്നു. 13 ദശലക്ഷത്തോളം ഉപയോക്താക്കള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അവര്‍ മുതിര്‍ന്നവരെപ്പോലെ തന്നെ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്‍റര്‍നെറ്റ് തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്ക് ഇവരെ വേഗത്തില്‍ ചൂഷണം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ സുരക്ഷാ മുന്‍കരുതലിനായുള്ള ചോദ്യോത്തരങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയതായി ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് - ഫേസ്ബുക്ക് സൈറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :