ആന്‍ഡ്രോയിഡ് തരംഗം ഇന്ത്യയിലേക്ക്

കൊല്‍ക്കത്ത| WEBDUNIA|
ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനായി പ്രമുഖ സെല്‍ഫോണ്‍ കമ്പനികളൊക്കെ മത്സരിക്കുകയാണ്. എച്ച് ടി സി, സാംസങ്ങ്, എല്‍ ജി, മോട്ടൊറോള എന്നീ കമ്പനികള്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സെറ്റുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇന്ത്യയിലെ നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലും സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രിയമേറിയതോടെയാണ് കൂടുതല്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആന്‍ഡ്രോയിഡ് സെറ്റുകള്‍ പുറത്തിറക്കാന്‍ ഇത്തരം കമ്പനികള്‍ മുന്നിട്ടിറങ്ങുന്നത്. എച്ച് ടി സിയുടെ ആന്‍ഡ്രോയിഡ് സെറ്റുകള്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമാണ്. സാംസങ്ങിന്‍റെ ആന്‍ഡ്രോയിഡ് സെറ്റ് ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ആഗോള സെല്‍ഫോണ്‍ വിപണിയില്‍ എല്‍ ജി, മോട്ടൊറോള കമ്പനികളുടെ ആന്‍ഡ്രോയിഡ് സെറ്റുകള്‍ അടുത്ത പാദങ്ങളില്‍ വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്പനികള്‍ കൂടി സെല്‍ഫോണ്‍ വിപണി ശക്തമാക്കുന്നതോടെ ഇന്ത്യയില്‍ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് സെറ്റുകള്‍ ലഭ്യമായി തുടങ്ങും.

നിലവില്‍ 47 കമ്പനികള്‍ ആന്‍ഡ്രോയിഡുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ ഡയറക്ടര്‍ വിനയ് ഗൊയെല്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ പ്രകാരം 15 മുതല്‍ ഇരുപതോളം മോഡല്‍ ആന്‍ഡ്രോയിഡ് സെറ്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയിഡ് സെറ്റുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ എച്ച് ടി സിയുടെ ആന്‍ഡ്രോയിഡ് സെറ്റുകള്‍ വില്‍ക്കുന്നത് മുപ്പതിനായിരം രൂപയ്ക്കാണ്. അതേസമയം, അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന സാംസങ്ങിന്‍റെ സെറ്റുകള്‍ 29,000 രൂപയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :