അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (21:49 IST)
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും അടങ്ങിയ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്താനാണ് പദ്ധതി.
2020 ഓഗസ്റ്റ് പതിനഞ്ചിനാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അസാധാരണമായ ഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിനേഷൻ സംവിധാനമായ
കോവിൻ പ്ലാറ്റ്‌ഫോമിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
നിലവിൽ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നത്.ഓരോ പൗരന്റെയും ആരോഗ്യ ഐഡി ഏർപ്പെടുത്താനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ ഒരു വ്യക്തിയുടെ വ്യക്തിഗത ആരോഗ്യ രേഖകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ, ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി (എച്ച്പിആർ), ഹെൽത്ത് കെയർ ഫെസിലിറ്റീസ് എന്നിവയുടെ സഹായത്തോടെ ലിങ്ക് ചെയ്യാം.
ഇതിലൂടെ ആരോഗ്യഐഡി കാർഡ് പരിശോധിക്കുന്നതോടെ ഡോക്ടർമാർക്കും ആശുപത്രികൾക്കും ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർമാർക്കും എളുപ്പത്തിൽ സേവനം നൽകാനാവും.പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് പോലെയാകും ആരോഗ്യരംഗത്ത് ഹെൽത്ത് കാർഡ് സംവിധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.