കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണവുമായി ഇൻസ്റ്റഗ്രാം , ടീം അക്കൗണ്ട് വരുന്നു

അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ,കാനഡ,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും ഈ അക്കൗണ്ട് എത്തും.

അഭിറാം മനോഹർ| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (13:33 IST)
കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം തന്നെ ടീന്‍ അക്കൗണ്ട് സെറ്റിങ്ങ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവേഴ്‌സിന് മാത്രം കാണാവുന്ന തരത്തില്‍ പ്രൈവറ്റ് അക്കൗണ്ടുകള്‍ ആവുകയും ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്ങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം വരുന്നത്.

ഇന്‍സ്റ്റഗ്രാം കൗമാരക്കാരുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സാരമായി ബാധിക്കുന്നുവെന്ന ആശങ്കകള്‍ ശക്തമായതിനെ തുടര്‍ന്നാണ് നടപടി. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ ഇനി സാധിക്കില്ല. യുഎസിലാകും ഈ അപ്‌ഡേറ്റ് ആദ്യമായി നടപ്പിലാവുക. അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ,കാനഡ,ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും ഈ അക്കൗണ്ട് എത്തും. ടീം അക്കൗണ്ടുകളിലേക്ക് മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമായവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമെ പ്രൈവസി സെറ്റിങ്ങ്‌സ് മാറ്റാന്‍ സാധിക്കു. 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്ങ്‌സ് മാറ്റാനാവും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :