അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 നവംബര്‍ 2020 (14:34 IST)
ഐപിഎല്ലിലെ പതിമൂന്നം സീസൺ ഇത്തവണ വളരെയധികം ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല യുവതാരങ്ങളും സീസണിൽ ടീമുകൾക്കായി മികച്ച പ്രകടനങ്ങളും കാഴ്‌ച്ചവെച്ചു. ഇപ്പോളിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും ആകർഷിച്ച 6 ഇന്ത്യൻ യുവ ബാറ്റ്സ്മാന്മാരെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ ബ്രയാൻ ലാറ.
മലയാളികളായ സഞ്ജു സാംസൺ, ദേവ്‌ദത്ത് പടിക്കൽ എന്നിവർ ലാറയുടെ പട്ടികയിൽ ഇടം കണ്ടെത്തി. സഞ്ജു സാംസൺ,ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, പ്രിയം ഗാര്‍ഗ്, അബ്ദുല്‍ സമദ് എന്നിവരാണ് ഇതിഹാസ താരത്തിന്റെ മനസ് കീഴടക്കിയത്. ഇതിൽ സഞ്ജു സാംസണാണ് ഒന്നാമതായി ഇടം നേടിയത്.
അതിശയകരമായ താരമാണ് സഞ്ജുവെന്നാണ് ലാറയുടെ അഭിപ്രായം. അത്ഭുതപ്പെടുത്തുന്ന കഴിവും ടൈമിങ്ങും സഞ്ജുവിനുണ്ട്. വലിയ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്‌തിയുള്ള താരമാണ് സഞ്ജുവെന്നും ലാറ അഭിപ്രായപ്പെട്ടു. അതേസമയം മുംബൈയുടെ സൂര്യകുമാർ യാദവാണ് ലാറയുടെ പട്ടികയിൽ രണ്ടാമതുള്ള താരം. മലയാളിതാരമായ ദേവ്‌ദത്ത് പടിക്കൽ മൂന്നാമതും കെഎൽ രാഹുൽ
നാലാമതുമായി പട്ടികയിൽ ഇടം നേടി.
പ്രിയം ഗാർഗ്,ജമ്മു കശ്‌മീരിൽ നിന്നെത്തിയ യുവതാരം അബ്ദുൾ സമദ് എന്നിവരാണ് ലാറയെ ആകർഷിച്ച് മറ്റ് രണ്ട് കളിക്കാർ.