അഭിറാം മനോഹർ|
Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (17:05 IST)
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരങ്ങള്‍ തോറ്റതിന് ശേഷമാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പൊരുതി തോറ്റുകൊണ്ടാണ് ഹൈദരാബാദ് സീസണ്‍ ആരംഭിച്ചത്. അതേസമയം പതിവ് പോലെ ആദ്യ മത്സരം തോറ്റാണ് മുംബൈ ഇന്നെത്തുന്നത്.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതോടെ ആരാധകര്‍ക്കിടയില്‍ നിന്നും വലിയ രോഷമാണ് മുംബൈ ടീം ഏറ്റുവാങ്ങുന്നത്. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ കൈയിലുണ്ടായിരുന്ന മത്സരം കൈവിട്ടതില്‍ മുംബൈ താരങ്ങളും ആരാധകരും തന്നെ നിരാശയിലാണ്. ഹൈദരാബാദിനെതിരെ ഇന്നും തോല്‍വി ഏറ്റുവാങ്ങുകയാണെങ്കില്‍ നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകും. ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലും സഹതാരങ്ങള്‍ക്കിടയില്‍ ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ എതിര്‍പ്പുള്ളതായാണ് മുംബൈ ക്യാമ്പില്‍ നിന്നുള്ള വിവരങ്ങള്‍. അതിനാല്‍ തന്നെ ടീമിനുള്ളിലെ അതൃപ്തി പരിഹരിക്കുക എന്നതാണ് മുംബൈയുടെ ആദ്യ വെല്ലുവിളി.
രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും മികച്ച ഫോമിലാണ് എന്നത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് സ്ഥാനത്തെ പറ്റി ഇപ്പോഴും തീര്‍ച്ചയില്‍ വന്നിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ പല മണ്ടന്‍ തീരുമാനങ്ങളും ഹാര്‍ദ്ദിക് എടുത്തിരുന്നു. ഹൈദരാബാദിലേക്കെത്തുമ്പോള്‍ പാറ്റ് കമ്മിന്‍സ് എന്ന നായകന്‍ തന്നെയാണ് ടീമിന്റെ ഒരു കരുത്ത്. ഹെന്റിച്ച് ക്ലാസന്‍,എയ്ഡന്‍ മാര്‍ക്രം എന്നീ ബാറ്റര്‍മാരുണ്ടെങ്കിലും ടി നടരാജന്‍,ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന ബൗളിങ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത്. സ്വന്തം കാണികള്‍ക്ക് മുന്നിലാണ് മത്സരമെന്നതും ഹൈദരാബാദിന് അനുകൂലഘടകമാണ്.