Royal Challengers Bengaluru: ചിന്നസ്വാമിയില്‍ വീണ്ടും തോല്‍വി, കോലി ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്

വെറും 35 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 83 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍

Royal Challengers Bengaluru
രേണുക വേണു| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (08:23 IST)
Royal Challengers Bengaluru

Royal Challengers Bengaluru: വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബി പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

വെറും 35 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 83 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡു പ്ലെസിസ് 28 പന്തില്‍ 62 റണ്‍സും വിരാട് കോലി 20 പന്തില്‍ 42 റണ്‍സും നേടി. ആര്‍സിബി എട്ട് ഓവറില്‍ ടീം ടോട്ടല്‍ നൂറ് എത്തിച്ചതാണ്. പിന്നീട് ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനു വേണ്ടി ട്രാവിസ് ഹെഡ് 41 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 102 റണ്‍സ് നേടി. ഹെന്‍ റിച്ച് ക്ലാസന്‍ 31 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 67 റണ്‍സ്. ഏദന്‍ മാര്‍ക്രം (17 പന്തില്‍ പുറത്താകാതെ 32), അബ്ദുള്‍ സമദ് (10 പന്തില്‍ പുറത്താകാതെ 37) എന്നിവരും മികച്ച പ്രകടനം നടത്തി.

ആര്‍സിബിയുടെ ഈ സീസണിലെ ആറാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം മാത്രമാണ് ബെംഗളൂരുവിന് ഉള്ളത്. ശേഷിക്കുന്ന ഏഴ് കളികളില്‍ ഏഴിലും ജയിച്ചാല്‍ മാത്രമേ ഇനി ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :