Punjab Kings: പ്ലേ ഓഫ് അലര്‍ജിയുള്ള പഞ്ചാബ് അല്ലിത്; ഇത്തവണ കപ്പ് തൂക്കുമോ?
പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ ആയി പഞ്ചാബ് പ്ലേ ഓഫില്‍ കയറുമെന്ന് ചഹല്‍ പറഞ്ഞു
രേണുക വേണു|
Last Modified ബുധന്‍, 9 ഏപ്രില്‍ 2025 (09:26 IST)
Punjab Kings
Punjab Kings: ഐപിഎല്ലിലെ 'നിര്‍ഗുണ ടീം' എന്നാണ് ക്രിക്കറ്റ് ആരാധകര്‍ കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കിങ്‌സിനെ വിളിച്ചിരുന്നത്. എന്നാല്‍ ഈ സീസണിലേക്ക് എത്തിയപ്പോള്‍ കഥയൊക്കെ മാറി. ഉറപ്പായും പ്ലേ ഓഫ് കളിക്കാന്‍ സാധ്യതയുള്ള ടീമായാണ് പഞ്ചാബിനെ ഇത്തവണ എതിരാളികള്‍ പോലും കാണുന്നത്.
ഈ സീസണില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയം. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളാണ് പഞ്ചാബിന്റെ ഐശ്വര്യം. നായകനായി ശ്രേയസ് അയ്യരും പരിശീലക സ്ഥാനത്ത് റിക്കി പോണ്ടിങ്ങും ഉള്ളപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.
ഈ വര്‍ഷം പഞ്ചാബ് കപ്പടിച്ചാലും അതിശയിക്കാനില്ലെന്നാണ് ടീം താരം യുസ്വേന്ദ്ര ചഹല്‍ പറയുന്നത്. പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ ആയി പഞ്ചാബ് പ്ലേ ഓഫില്‍ കയറുമെന്ന് ചഹല്‍ പറഞ്ഞു. ' ഞങ്ങള്‍ മികച്ച ടീമാണ്. ബൗളിങ്, ബാറ്റിങ് സാധ്യതകളിലേക്ക് നോക്കൂ. ബൗളിങ്ങില്‍ 7-8 ഓപ്ഷന്‍സ് ഞങ്ങള്‍ക്കുണ്ട്. ബാറ്റിങ്ങില്‍ ആണെങ്കില്‍ 9-10 ഓപ്ഷന്‍സും. സന്തുലിതമായ ടീമാണ് ഞങ്ങളുടേത്. ഈ വര്‍ഷം ചാംപ്യന്‍മാരാകാനും സാധ്യതയുണ്ട്,' ചഹല്‍ പറഞ്ഞു.
സ്വന്തം ടീമിനെ ചഹല്‍ പൊക്കിയടിച്ചതാണെന്നു പറയാമെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഒരുവിധം കാര്യങ്ങളും യാഥാര്‍ഥ്യമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 83-5 എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബ് നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സില്‍ എത്തിയിരുന്നു. കൂറ്റനടിക്കാരനായ ഗ്ലെന്‍ മാക്‌സ്വെല്‍ ബാറ്റ് ചെയ്യാനെത്തുന്നത് ആറാമനായാണ്. ഓള്‍റൗണ്ടറായ മാര്‍ക്കോ യാന്‍സന്‍ എട്ടാമനായി ക്രീസിലെത്തുമ്പോള്‍ തന്നെ പഞ്ചാബിന്റെ ബാറ്റിങ് ഡെപ്ത് എത്രത്തോളമെന്ന് വ്യക്തമാകും. ബൗളിങ്ങില്‍ ഏഴ് പേരെ കൂളായി ഉപയോഗിക്കാന്‍ സാധിക്കും. ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്വെല്ലിനും മാര്‍ക്കസ് സ്‌റ്റോയ്‌നിസിനും ഒന്നോ രണ്ടോ ഓവറുകള്‍ എറിഞ്ഞാല്‍ മതി. പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍, നേഹാള്‍ വധേര തുടങ്ങിയവരില്‍ ഒരാള്‍ മികച്ച ഫോം കണ്ടെത്തിയാല്‍ മതി പഞ്ചാബിന്റെ സ്‌കോര്‍ 200 കടക്കാന്‍. കാരണം സ്റ്റോയ്‌നിസ്, മാക്‌സ്വെല്‍, ശശാങ്ക് തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ പുറത്തുനില്‍പ്പുണ്ട്.