അഭിറാം മനോഹർ|
Last Modified ശനി, 6 ഏപ്രില്‍ 2024 (10:24 IST)
ക്ലാസന്‍,അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരുടെ ഫോമാണ് ഇക്കുറി ഹൈദരാബാദിനെ ശക്തരാക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് നേടികൊടുത്ത നായകന്‍ പാറ്റ് കമ്മിന്‍സ് കൂടി എത്തിയതോടെ ഇക്കുറി സെറ്റായ സംഘമാണ് ഹൈദരാബാദ്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും ഹൈദരാബാദായിരുന്നു വിജയികള്‍.
ബാറ്റിംഗ് പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല കളിക്കളത്തിലെ മാന്യതയുടെ പേരിലും ഇപ്പോള്‍ കയ്യടികള്‍ വാങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്നലെ ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്തിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജ ഫീല്‍ഡ് തടസ്സപ്പെടുത്തിയിരുന്നു. ഇതിന് ഹൈദരാബാദിന് താരത്തെ പുറത്താക്കാമായിരുന്നിട്ടും അപ്പീല്‍ പിന്‍വലിച്ച് കൈയ്യടികള്‍ നേടുകയാണ് ഹൈദരാബാദ് ടീം.
ചെന്നൈ ഇന്നിങ്ങ്‌സിന്റെ പത്തൊമ്പതാം ഓവറില്‍ ജഡേജ ബാറ്റ് ചെയ്യവെയായിരുന്നു സംഭവം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ യോര്‍ക്കര്‍ ജഡേജ ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ബാറ്റര്‍ ക്രീസിന് പുറത്തായതിനാല്‍ ബൗളറായ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് ജഡേജയുടെ മേല്‍ തട്ടി വിക്കറ്റിലെത്തിയില്ല. ഫീല്‍ഡ് തടസ്സപ്പെടുത്തിയതായി കാണിച്ച് ഹെന്റിച്ച് ക്ലാസന്‍ അമ്പയറോട് ചോദിക്കവെ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സ് രംഗത്തെത്തി അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് ജഡേജ ഔട്ടാകുമായിരുന്നു.