അഭിറാം മനോഹർ|
Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (13:39 IST)
Rishab pant,Delhi capitals,Captaincy
കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ബൗളര്‍മാരെ കൊന്നുകൊലവിളിക്കുന്ന പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാര്‍ നടത്തിയത്. സുനില്‍ നരെയ്‌ന് പിന്നാലെയെത്തിയ ആംഗ്രിഷ് രഘുവംശിയും ആന്ദ്രേ റസ്സലും റിങ്കു സിംഗുമെല്ലാം തകര്‍ത്താടിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദ് നേടിയ 277 റണ്‍സിന്റെ നേട്ടം പോലും കൊല്‍ക്കത്ത മറികടക്കുമെന്ന് തോന്നിച്ചെങ്കിലും വമ്പനടിക്കാരന്‍ ആന്ദ്രേ റസ്സലിനെ തകര്‍ത്തുകളഞ്ഞ ഇഷാന്ത് ശര്‍മയുടെ യോര്‍ക്കര്‍ ആ നാണക്കേടില്‍ നിന്നും ഡല്‍ഹിയെ രക്ഷിച്ചു.
കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്‌നിന്റെ പ്രകടനമായിരുന്നു മത്സരത്തിന്റെ ടോണ്‍ തന്നെ മാറ്റികളഞ്ഞത്. മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഡല്‍ഹി ഓപ്പണറായി ഫില്‍ സാള്‍ട്ട് പുറത്തായിട്ടും ഒരറ്റത്ത് അക്രമണം അഴിച്ചുവിടുകയാണ് നരെയ്ന്‍ ചെയ്തത്. എന്നാല്‍ നാലാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ നരെയ്‌നെ പുറത്താക്കാന്‍ ഡല്‍ഹിക്ക് അവസരം ലഭിച്ചിരുന്നു.എന്നാല്‍ റിവ്യൂ എടുക്കുന്നതില്‍ ഡല്‍ഹി നായകനായ പന്ത് കാണിച്ച അലംഭാവം ഡല്‍ഹിക്ക് വിനയാവുകയായിരുന്നു. നാലാം ഓവറില്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ 2 സിക്‌സും ഒരു ഫോറും നേടി നില്‍ക്കുകയായിരുന്നു നരെയ്ന്‍. തൊട്ടടുത്ത പന്ത് നരെയ്‌ന്റെ ബാറ്റില്‍ തട്ടിയാണ് കീപ്പറായ റിഷഭ് പന്തിന്റെ കയ്യിലെത്തിയത്.
ഫീല്‍ഡില്‍ ദൂരെ നില്‍ക്കുന്ന മിച്ചല്‍ മാര്‍ഷ് ശബ്ദം കേട്ടെന്നും റിവ്യൂ എടുക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഇഷാന്ത് ശര്‍മയോ റിഷഭ് പന്തോ ആ ശബ്ദം കേട്ടില്ലെന്നാണ് പറഞ്ഞത്. പന്ത് റിവ്യൂ എടുക്കാന്‍ കൊടുക്കുമ്പോഴേക്കും സമയം കഴിയുകയും ചെയ്തു. റിപ്ലെയില്‍ പന്ത് നരെയ്‌ന്റെ ബാറ്റില്‍ കൊണ്ടതായി വ്യക്തമാകുകയും ചെയ്തു. പിന്നീട് 39 പന്തില്‍ നിന്നും 7 വീതം സിക്‌സും ഫോറുമടക്കം 85 റണ്‍സ് നേടിയാണ് നരെയ്ന്‍ പുറത്തയായത്. റിവ്യൂ എടുത്തിരുന്നെങ്കില്‍ നരെയ്‌ന്റെയും തൊട്ടുപിന്നാലെ ഫില്‍ സാല്‍ട്ടിന്റെയും വിക്കറ്റുകള്‍ ഡല്‍ഹിക്ക് കിട്ടുകയും കളിയില്‍ തിരിച്ചെത്താന്‍ അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു.
നരെയ്‌നിന്റെ മാത്രമല്ല മത്സരത്തിലെ പതിനഞ്ചാം ഓവറില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ക്യാച്ചും ഇത്തരത്തില്‍ പന്ത് പിടിച്ചെങ്കിലും ഡിആര്‍എസിന് നല്‍കാന്‍ പന്ത് തയ്യാറായില്ല. ഡല്‍ഹി താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും താന്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് പന്ത് പറഞ്ഞത്. തുടര്‍ന്നുള്ള റിപ്ലേയില്‍ ഇതും ഔട്ടാണെന്ന് തെളിഞ്ഞിരുന്നു. അതേസമയം ഇന്നലെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണപരാജയമായിരുന്നു പന്ത്. മത്സരത്തില്‍ ഒരു ഘട്ടത്തിലും തന്നെ ടീമിനെ തോളിലേറ്റാന്‍ ക്യാപ്റ്റന് സാധിച്ചില്ല. ഭാവനാപൂര്‍ണ്ണമായ ഒരു ബൗളിംഗ് ചേഞ്ച് പോലും നടത്താനും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും താരത്തിനായില്ല.