രേണുക വേണു|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (08:27 IST)
ഐപിഎല്ലില്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ മഹേന്ദ്രസിങ് ധോണി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ താരം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ധോണിയുടെ തീരുമാനത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് കാത്തിരിക്കുകയാണ്. ഐപിഎല്ലില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറാണ്. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്. അതിനു മുന്‍പ് ധോണിയുടെ തീരുമാനം അറിയാനാണ് ചെന്നൈ കാത്തിരിക്കുന്നത്.
2025 ഐപിഎല്‍ കളിക്കുമോ എന്ന കാര്യത്തില്‍ ധോണി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യാന്തര താരമല്ലാത്ത വിഭാഗത്തില്‍ ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറാണ്. അങ്ങനെയെങ്കില്‍ നാല് കോടി രൂപയ്ക്കായിരിക്കും മുന്‍ നായകനെ ചെന്നൈ നിലനിര്‍ത്തുക. ഐപിഎല്ലില്‍ ഇനിയും കളിക്കുന്നുണ്ടെങ്കില്‍ ചെന്നൈയില്‍ തന്നെ തുടരാനാണ് ധോണിയ്ക്കും താല്‍പര്യം.
അതേസമയം ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും ചെന്നൈ നിലനിര്‍ത്തുന്ന ആദ്യതാരം. ആദ്യ ചോയ്‌സ് എന്ന നിലയില്‍ 18 കോടിക്ക് ആയിരിക്കും ഗെയ്ക്വാദിനെ ചെന്നൈ നിലനിര്‍ത്തുക. നായകസ്ഥാനത്തും ഗെയ്ക്വാദ് തുടരും. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരേയും ചെന്നൈ നിലനിര്‍ത്തിയേക്കും.