രേണുക വേണു|
Last Updated:
ചൊവ്വ, 29 ഒക്ടോബര്‍ 2024 (09:12 IST)
2025 ഐപിഎല്‍ മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്താനുള്ള താരങ്ങളെ തീരുമാനിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. നായകന് കെ.എല്‍.രാഹുലിനെ ലഖ്നൗ റിലീസ് ചെയ്തു. നിക്കോളാസ് പൂറാന്‍, മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവരെ ലഖ്നൗ നിലനിര്‍ത്തും. ആയുഷ് ബദോനി, മൊഹ്സിന്‍ ഖാന് എന്നിവരെ കൂടി നിലനിര്‍ത്താനും ആലോചന. രാഹുല്‍ നായകസ്ഥാനത്ത് തുടരുന്നതില്‍ ലഖ്നൗ ഫ്രാഞ്ചൈസിക്ക് താല്പര്യമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ട്വന്റി 20 ഫോര്‍മാറ്റിലെ മോശം ബാറ്റിങ് പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്. പവര്‍പ്ലേ അടക്കം നഷ്ടപ്പെടുത്തുന്ന നെഗറ്റീവ് സമീപനമാണ് രാഹുല്‍ ബാറ്റിങ്ങില്‍ കാണിക്കുന്നത്. ട്വന്റി 20 യില്‍ പോലും ടെസ്റ്റ് കളിക്കുന്ന പ്രതീതിയാണ് രാഹുല്‍ ബാറ്റ് ചെയ്യുമ്പോള്‍. ഈ സമീപനം കാരണം കഴിഞ്ഞ സീസണില്‍ പല മത്സരങ്ങളും തോറ്റു. രാഹുലിനെ ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഫ്രാഞ്ചൈസി വിലയിരുത്തിയത്. രാഹുലിനു പകരം നിക്കോളാസ് പൂറാന്‍ ലഖ്നൗ നായകനാകും.
മെഗാ താരലേലത്തില്‍ രാഹുലിന് വേണ്ടി മത്സരരംഗത്തുണ്ടാകുക റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആയിരിക്കും. നായകന്, വിക്കറ്റ് കീപ്പര്‍ എന്നീ ചുമതലകള്‍ വഹിക്കാന്‍ ആര്‍സിബിക്ക് ഒരു മുതിര്‍ന്ന താരത്തെ ആവശ്യമാണ്. ഡല്‍ഹി വിട്ട് വരുന്ന റിഷഭ് പന്തും ലഖ്നൗ വിട്ട് വരുന്ന കെ.എല്‍.രാഹുലുമാണ് ആര്‍സിബിയുടെ പരിഗണനയില്‍ ഉള്ളത്. അതില്‍ തന്നെ രാഹുലിനാണ് പ്രഥമ പരിഗണന. രാഹുല്‍ നേരത്തെ ആര്‍സിബിക്കു വേണ്ടി കളിച്ചിട്ടുമുണ്ട്. മാത്രമല്ല രാഹുല്‍ കര്‍ണാടക സ്വദേശി കൂടിയാണ്.