Rishabh Pant: 'കൂടുതല്‍ പ്രതിഫലം വേണം'; ഡല്‍ഹിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പന്ത്, കണ്ണുവെച്ച് ആര്‍സിബി

ഡല്‍ഹിക്കു വേണ്ടി ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും പന്ത് തന്നെ

Rishab pant, Delhi capitals
Rishab pant, Delhi capitals
രേണുക വേണു| Last Updated: വെള്ളി, 25 ഒക്‌ടോബര്‍ 2024 (11:36 IST)
Rishabh Pant: ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് റിഷഭ് പന്ത്. മെഗാ താരലേലത്തിനു മുന്നോടിയായി പന്തിനെ നിലനിര്‍ത്താന്‍ ഡല്‍ഹി തീരുമാനിച്ചിരുന്നു. എന്നാല്‍ മെഗാ താരലേലത്തില്‍ പോകാനാണ് തനിക്കു താല്‍പര്യമെന്ന് പന്ത് ഫ്രാഞ്ചൈസിയെ അറിയിച്ചു. കൂടുതല്‍ പ്രതിഫലം പ്രതീക്ഷിച്ചാണ് പന്ത് ഡല്‍ഹി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. നായകസ്ഥാനത്ത് തുടരണമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ആവശ്യപ്പെട്ടെങ്കിലും പന്ത് ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

2021 മുതല്‍ ഡല്‍ഹിയെ നയിക്കുന്നത് റിഷഭ് പന്താണ്. ഡല്‍ഹിക്കു വേണ്ടി ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും പന്ത് തന്നെ. കഴിഞ്ഞ സീസണില്‍ 155.40 സ്‌ട്രൈക് റേറ്റില്‍ 446 റണ്‍സാണ് പന്ത് ഡല്‍ഹിക്കായി അടിച്ചുകൂട്ടിയത്. 18 കോടി പ്രതിഫലത്തിനു പന്തിനെ നിലനിര്‍ത്താനാണ് ഡല്‍ഹി തീരുമാനിച്ചിരുന്നത്. എന്നാല്‍ മെഗാ താരലേലത്തിലേക്ക് എത്തിയാല്‍ തന്നെ ഇതില്‍ കൂടുതല്‍ തുകയ്ക്കു സ്വന്തമാക്കാന്‍ വേറെ ഫ്രാഞ്ചൈസികള്‍ തയ്യാറാണെന്നാണ് പന്തിന്റെ ആത്മവിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയുടെ ഓഫര്‍ താരം നിരസിച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആയതിനാലും ക്യാപ്റ്റന്‍സി എക്‌സ്പീരിയന്‍സ് ഉള്ളതും മെഗാ താരലേലത്തില്‍ തന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് പന്ത് വിശ്വസിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് നായകനേയും വിക്കറ്റ് കീപ്പറേയും ആവശ്യമാണ്. മെഗാ താരലേലത്തില്‍ എത്തിയാല്‍ പന്തിനെ സ്വന്തമാക്കാന്‍ ശ്രമിക്കുക ഈ രണ്ട് ഫ്രാഞ്ചൈസികളാണ്. അതില്‍ തന്നെ ബെംഗളൂരുവിനാണ് കൂടുതല്‍ സാധ്യത. കെ.എല്‍.രാഹുലിനെ നിലനിര്‍ത്തുകയാണെങ്കില്‍ ലഖ്‌നൗ പന്തിനു വേണ്ടി കൂടുതല്‍ പണം ചെലവാക്കില്ല. അതേസമയം നായകനായിരുന്ന ഫാഫ് ഡു പ്ലെസിസ്, വിക്കറ്റ് കീപ്പര്‍ ആയിരുന്ന ദിനേശ് കാര്‍ത്തിക് എന്നിവരുടെ അഭാവത്തെ മറികടക്കാന്‍ ബെംഗളൂരുവിന് പന്തിനെ പോലൊരു താരത്തെ അത്യാവശ്യവുമാണ്. ഇതെല്ലാം കണക്കുകൂട്ടിയാണ് പന്ത് ഡല്‍ഹി വിടുന്നത്.

മെഗാ താരലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്. നവംബര്‍ ആയിരിക്കും മെഗാ താരലേലം നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :