അഭിറാം മനോഹർ|
Last Modified ഞായര്‍, 24 നവംബര്‍ 2024 (11:58 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാതാരലേലം ഓരോ ടീമിനും പ്രധാനമായ ഒന്നാണ്. താരലേലത്തിന് മുന്‍പായി ടീമിന്റെ കോറിനെ ഫ്രാഞ്ചൈസികള്‍ക്ക് ഒരു പരിധിവരെ മാത്രമെ നിലനിര്‍ത്താനാകു എന്നതിനാല്‍ തന്നെ ശക്തരായ പല ടീമുകളുടെയും ബാലന്‍സ് തകര്‍ക്കുന്നതാണ് മെഗാതാരലേലം. അതേസമയം ലീഗിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മത്സരത്തില്‍ തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്.
ഇത്തവണ മെഗാതാരലേലം നടക്കുമ്പോള്‍ പല ഫ്രാഞ്ചൈസികളും തങ്ങളുടെ കീ പ്ലെയേഴ്സിനെ കൈവിട്ടിട്ടുണ്ട്. അതിനാല്‍ തന്നെ താരലേലത്തില്‍ ഇത്തവണ താരങ്ങള്‍ക്കായി പണം ഒഴുകുമെന്ന് ഉറപ്പാണ്. ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നവരില്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍,ഇഷാന് കിഷന്,അര്‍ഷദീപ് സിംഗ് മുതല്‍ ഫില്‍ സാള്‍ട്ട്, ക്വിന്റണ്‍ ഡികോക്ക്, ജോസ് ബട്ട്ലര്‍,ട്രെന്‍ഡ് ബോള്‍ട്ട് തുടങ്ങി അനവധി താരങ്ങളുണ്ട്. കഴിഞ്ഞ താരലേലത്തില്‍ ഓസീസ് താരമായ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാനായി 24.75 കോടി രൂപയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയത്. ഇത്തവണ ഇതിലും ഉയര്‍ന്ന തുകയ്ക്ക് ഏതെങ്കിലും ടീം ആരെയെങ്കിലും സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പഞ്ചാബ് സൂപ്പര്‍ കിംഗ്സ്, ലഖ്നൗ, ആര്‍സിബി ടീമുകളാണ് പ്രധാനമായും തങ്ങളുടെ ടീമുകളെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഈ താരലേലത്തില്‍ പ്രധാനതാരങ്ങള്ക്കായി വലിയ തുക തന്നെ ഇവര്‍ മുടക്കും. ഇന്ത്യന്‍ താരങ്ങളില്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന് കിഷന്, കെ എല്‍ രാഹുല്‍,അര്‍ഷദീപ് സിംഗ് എന്നിവര്‍ക്ക് വലിയ തുക തന്നെ ലഭിച്ചേക്കും. ഇതില്‍ റിഷഭ് പന്തിനാകും ഉയര്‍ന്ന തുക ലഭിക്കുക എന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്.
വിദേശതാരങ്ങളില്‍ ഓള് റൗണ്ടര്‍മാരായ മാര്‍ക്കോ യാന്സന്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കായി ടീമുകള്‍ രംഗത്ത് വരാന്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് താരങ്ങളായ ഫില്‍ സാള്‍ട്ട്, ജോസ് ബട്ട്ലര്‍ എന്നിവര്‍ക്കും താരലേലത്തില്‍ വലിയ തുക തന്നെ ലഭിച്ചേക്കും.