മത്സരം ഫിനിഷ് ചെയ്യണമെന്നുണ്ടായിരുന്നു, ഈ സീസൺ എൻ്റേതാണെന്ന് വിശ്വസിക്കുന്നു: നിക്കോളാസ് പൂരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (17:57 IST)
പതിനാറാം സീസണിൽ ആർസിബിക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ ത്രില്ലിംഗ് വിജയമായിരുന്നു ലഖ്നൗ കഴിഞ്ഞ ദിവസം നേടിയത്. 213 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ ലഖ്നൗവിനായി തകർത്തടിച്ച വിൻഡീസ് താരം നിക്കോളാസ് പൂരനാണ് ടീമിൻ്റെ വിജയം ഉറപ്പാക്കിയത്. വെറും 19 പന്തിൽ നിന്നും 62 റൺസാണ് താരം സ്വന്തമാക്കിയത്.

മത്സരത്തിലെ തൻ്റെ പ്രകടനം ഭാര്യയ്ക്കും മകനുമായിരുന്നു താരം സമർപ്പിച്ചത്. മത്സരശേഷം തൻ്റെ പ്രകടനത്തെ പറ്റിയും താരം സംസാരിച്ചു. കളിയിൽ ഞങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. സ്റ്റോയ്നിസും കെ എൽ രാഹുലും ചേർന്ന് മികച്ച രീതിയിൽ കൂട്ടുക്കെട്ടുണ്ടാക്കി. സ്റ്റോയ്നിസാണ് മത്സരത്തിൽ ഞങ്ങളെ തിരിച്ചെത്തിച്ചത്. ഇതൊരു മികച്ച ബാറ്റിംഗ് ട്രാക്കാണെന്ന് എനിക്കറിയാമായിരുന്നു. അവസാന നാല് ഓവറിൽ 50 റൺസാണെങ്കിലും ചെയ്സ് ചെയ്യാവുന്നതാണെന്ന് ഞാൻ കരുതുന്നു. ഞാൻ ക്രീസിൽ വന്ന രണ്ടാമത്തെ പന്ത് തന്നെ സിക്സർ പറത്തി. എൻ്റെ സ്ലോട്ടിലോട്ട് പന്ത് വരുമ്പോൾ സിക്സ് പറത്തുന്നതാണ് എൻ്റെ ശീലം.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ആർസിബിക്കെതിരെയും എനിക്ക് മത്സരം ഫിനിഷ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പുറത്തായി. ഞാൻ മാനസികമായും മികച്ച നിലയിലാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ഈ സീസൺ എൻ്റേതാണെന്ന് ഞാൻ കരുതുന്നു. ക്രിക്കറ്റ് ആസ്വദിക്കാനും മറ്റുള്ളവരെ എൻ്റർടൈൻ ചെയ്യാനും ടീമിനായി മത്സരങ്ങൾ വിജയിപ്പിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. പൂരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :