അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 മെയ് 2024 (13:23 IST)
ടി20 ലോകകപ്പിന് മുന്‍പായി പാകിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ കളിക്കാനായി ഐപിഎല്ലില്‍ നിന്നും മടങ്ങി ഇംഗ്ലണ്ട് താരങ്ങള്‍. പ്ലേഓഫില്‍ ആദ്യം എത്തിയ കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫ് സാധ്യതകള്‍ സജീവമായുള്ള രാജസ്ഥാന്‍ റോയല്‍സിനുമാണ് ഇംഗ്ലണ്ട് താരങ്ങളുടെ ഈ പോക്ക് തിരിച്ചടിയാകുക. ഇംഗ്ലണ്ട് ടി20 ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്ട്ലര്‍, വില്‍ ജാക്‌സ്, റീസ് ടോപ്ലി എന്നിവരാണ് നിലവില്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. കൊല്‍ക്കത്ത ഓപ്പണറായ ഫില്‍ സാള്‍ട്ട്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന മോയിന്‍ അലി എന്നിവര്‍ വൈകാതെ ഇംഗ്ലണ്ടിലേക്ക് തിരിക്കും.
പഞ്ചാബ് കിംഗ്‌സില്‍ കളിക്കുന്ന ലിയാം ലിവിങ്ങ്സ്റ്റണ്‍,സാം കറന്‍,ജോണി ബെയര്‍സ്റ്റോ തുടങ്ങിയ താരങ്ങളും വൈകാതെ തന്നെ മടങ്ങും. സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴുമുള്ള ആര്‍സിബിക്ക് വില്‍ ജാക്‌സിന്റെ മടക്കം വലിയ ആഘാതമാകും സൃഷ്ടിക്കുക. നിലവില്‍ അത്ര ഫോമിലല്ലെങ്കിലും ഈ സീസണില്‍ രാജസ്ഥാന് വേണ്ടി 2 സെഞ്ചുറികള്‍ നേടാന്‍ ബട്ട്ലര്‍ക്ക് സാധിച്ചിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിനെ നഷ്ടമാകുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ബാധിക്കുമെന്ന് ഉറപ്പാണ്.