കോഹ്‌ലിപ്പടയ്ക്ക് ഇനിയും ജയിക്കാം, പക്ഷേ ഇതൊക്കെ ചെയ്യണം!

വിരാട് കോഹ്‌ലി, ബാംഗ്ലൂര്‍, ഡിവില്ലിയേഴ്സ്, കോലി, Virat Kohli, De Villiers, RCB, Royal Challengers Bangalore, MSD
Last Modified ശനി, 13 ഏപ്രില്‍ 2019 (15:37 IST)
വിരാട് കോഹ്‌ലി ഒന്നാന്തരം ബാറ്റ്‌സ്‌മാനാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മികച്ച ക്യാപ്ടനുമാണ്. സമീപകാലത്ത് കോഹ്‌ലി ടീം ഇന്ത്യയ്ക്ക് നേടിത്തന്ന വിജയങ്ങള്‍ തന്നെ ഇതിന് തെളിവ്. എന്നാല്‍ ഐ പി എല്ലില്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്‌ടന്‍സി ഇപ്പോള്‍ പരക്കെ ചോദ്യം ചെയ്യപ്പെടുകയാണ്.

എന്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സംഭവിക്കുന്നത്? എന്താണ് കോഹ്‌ലിക്ക് സംഭവിക്കുന്നത്? തുടര്‍ച്ചയായി തോല്‍ക്കാന്‍ മാത്രം മോശം ടീമാണ് അതെന്ന് ക്രിക്കറ്റ് അറിയാവുന്ന ആരും പറയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റിലെ മറ്റ് വിഭാഗങ്ങളെപ്പോലെയല്ല ഐ പി എല്‍. ഒരു നിമിഷത്തിന്‍റെ പിഴവുകൊണ്ട് കളിയുടെ റിസള്‍ട്ട് തന്നെ മാറിപ്പോയേക്കാം. തോറ്റ ആറ്‌ കളികളില്‍ പലതിലും ബാംഗ്ലൂര്‍ കാണിച്ച ചെറിയ ചെറിയ അബദ്ധങ്ങളാണ് അവരെ തോല്‍‌വികളിലേക്ക് നയിച്ചത്.

കോഹ്‌ലിയെയും ഡിവില്ലിയേഴ്സിനെയും പോലെ ലോകോത്തര ബാറ്റ്‌സ്മാന്‍‌മാര്‍ ഉള്ള ടീം തോല്‍ക്കുന്നതിന്‍റെ കാരണം അവര്‍ ഒരു ടീമായി വിജയത്തിനുവേണ്ടി 100 ശതമാനവും അര്‍പ്പിക്കുന്നില്ല എന്നതുകൊണ്ടാണെന്ന് പറയാം. അല്ലെങ്കില്‍ 200 റണ്‍സിലധികം നേടിയ ഒരു കളി ജയിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്!

ബാറ്റിംഗ് ശരിയാകുമ്പോള്‍ ബൌളിംഗില്‍ ഫോക്കസ് പോകുന്നു. അതുരണ്ടും ശരിയാകുമ്പോള്‍ ഫീല്‍ഡിംഗ് താറുമാറാകുന്നു. ഇത്രയധികം ക്യാച്ചുകള്‍ വിട്ടുകളഞ്ഞ ഒരു ടീം വേറെയുണ്ടോ എന്ന് ആലോചിക്കണം. ഐ പി എല്ലില്‍ ജയിക്കാന്‍ 150 റണ്‍സ് ധാരാളമാണ്. എന്നാല്‍ അതിനുവേണ്ടി കൈമെയ് മറന്ന് പോരാടാന്‍ ടീമിലെ ഓരോരുത്തരും തയ്യാറാകണം.

ടീം അംഗങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ കോഹ്‌ലിയും തയ്യാറാകണം. ടീം തോറ്റാല്‍ അതിന്‍റെ ഉത്തരവാദി താന്‍ കൂടിയാണെന്ന് ഉള്‍ക്കൊള്ളാനും തുറന്നുപറയാനും കഴിയണം. അല്ലാതെ ടീം അംഗങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നത് അവരുടെ മനോബലം കുറയ്ക്കാന്‍ മാത്രമാകും സഹായിക്കുക. ഇവിടെ ധോണിയുടെ സമീപനം കോഹ്‌ലിക്ക് കൈക്കൊള്ളാവുന്നതാണ്. ഒരു മത്സരം തോറ്റാല്‍ അടുത്ത കളിയില്‍ അതേ ടീമുമായി ഇറങ്ങാന്‍ ധോണി ധൈര്യം കാണിക്കും. ഇത് ടീം അംഗങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

ഈ സീസണിന്‍റെ മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ ബാംഗ്ലൂരിന് ഇനിയും സമയമുണ്ട്. ഫീനിക്സ് പക്ഷിയെപ്പോലെ കോഹ്‌ലിപ്പട ഉയര്‍ന്നുവരുന്നത് കാണാന്‍ തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :