പൊട്ടിത്തെറിച്ച് ക്യാപ്റ്റൻ ‘കൂൾ’, നോബോൾ റദ്ദാക്കിയ അമ്പയർമാർക്കെതിരെ കയർത്ത് ധോണി; പിഴ വിധിച്ച് മാച്ച് റഫറി

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (12:49 IST)
ധോണിക്ക് ആരാധകർക് ചാർത്തി നൽകിയ നാമമാണ് ക്യാപ്റ്റൻ കൂൾ. മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് മാത്രം ലഭിച്ചതല്ല ആ പേര്. കളിക്കളത്തിൽ എംഎസ് ധോണി ക്ഷുഭിതനാകുന്നത് അപൂർവ്വം മാത്രമാണ്. എന്തൊക്കെ സമ്മർദ്ദങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ‘കൂളായി’ കൈക്കാര്യം ചെയ്യാൻ കഴിയുന്ന ധോണിയുടെ കഴിവാണ് മറ്റ് ക്യാപ്റ്റൻമാരിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്.

എന്നാൽ, എന്ത് പ്രതിസന്ധിയും വളരെ സൌമ്യമായി കൈക്കാര്യം ചെയ്യുന്ന അദ്ദേഹത്തിന് ഇന്നലെ പക്ഷേ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ജയ്പൂർ സ്റ്റേഡിയത്തിൽ ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ട ധോണിയെ ആണ് ഏവരും കണ്ടത്. അമ്പയറോട് കയർത്ത് സംസാരിച്ച ധോണിയെ കാണികൾ അമ്പരപ്പോടെയാണ് നോക്കിയത്.

രാജസ്ഥാൻ റോയൽസുമായി നടന്ന മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു സംഭവം. അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സറടിച്ച രവീന്ദ്ര ജഡേജ രണ്ടാം പന്തിൽ സിംഗിളെടുത്തു. ആ പന്ത് നോബോളായതോടെ അടുത്ത ബോൾ ഫ്രീ ഹിറ്റ് ലഭിച്ചുവെങ്കിലും ധോണിക്ക് ഒരു ഡബിൾ എടുക്കാനേ സാധിച്ചുള്ളൂ. തൊട്ടടുത്ത പന്തിൽ ധോണിയുടെ കുറ്റി പിഴുത സ്റ്റോക്സ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

അതിനുശേഷമുണ്ടായ പന്തിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ധോണിയ്ക്ക് പകരം ക്രീസിലെത്തിയ മിച്ചലിനെതിരെ സ്റ്റോക്സ് എറിഞ്ഞ ഓവറിലെ നാലാം ബോൾ അമ്പയർ നോ ബോൾ വിളിച്ചു. എന്നാൽ പിന്നീട് ഇത് അനുവദിച്ചില്ല. ലെഗ് അമ്പയറുടെ നിർദ്ദേശ പ്രകാരമാണ് നോ ബോൾ അനുവദിക്കാതിരുന്നത്.

ഇതോടെ ഡഗ് ഔട്ടിലിരുന്ന ധോണി കുപിതനായി അമ്പയർമാർക്കരികിലേക്ക് വന്ന് നോ ബോളിനായി വാദിച്ചു. എന്നാൽ അമ്പയർമാർ നോ ബോൾ അനുവദിച്ചില്ല. അവസാന പന്തിൽ സിക്സറടിച്ച മിച്ചൽ ചെന്നൈയെ ജയിപ്പിച്ചു. നോ ബോൾ അനുവദിക്കാത്തതിനെ തുടർന്ന് അമ്പയ്മാർക്കെതിരെ ചൂടായ ധോണിക്കെതിരെ മാച്ച് റഫറി പിഴ വിധിച്ചു. മത്സര ഫീയുടെ 50 ശതമാനമാണ് പിഴ.

ഇതാദ്യമായിട്ടല്ല ഐപിഎല്ലിലെ മോശം അമ്പയറിംഗിനെതിരെ രോക്ഷം ഉടലെടുക്കുന്നത്. ഒട്ടേറെ അമ്പയറിംഗ് അബദ്ധങ്ങളാണ് ഇക്കൊല്ലത്തെ ഐപിഎൽ മത്സരങ്ങളിൽ ഉണ്ടായത്. അമ്പയറിംഗ് നിലവാരം മെച്ചപ്പെടുത്തണമെന്ന് ആരാധകരും കളിക്കാരും ആവശ്യപ്പെട്ടിട്ടും യാതോരു നീക്കു പോക്കുകളും കാണുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :