സജിത്ത്|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2017 (10:29 IST)
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സിന് നാണംകെട്ട തോല്‍വി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ അമ്പതാനിയരത്തില്പരമുള്ള കാണികളെയെല്ലാം അമ്പരപ്പിച്ചാണ് നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 132 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരു 9.4 ഓവറില്‍ വെറും 49 റണ്‍സിന് എല്ലാവരും പുറത്തായത്. ബംഗളൂരു ടീമിലെ ഒരാള്‍ പോലും രണ്ടക്കം കടന്നില്ലയെന്നതും മറ്റൊരു കാര്യമാണ്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍തന്നെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ കോള്‍ട്ടര്‍നൈലും ക്രിസ് വോക്സും ഗ്രാന്‍ഡ് ഹോമുമാണ് ബംഗളൂരുവിനെ ചുരുട്ടിക്കെട്ടിയത്. ഈ ജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ബംഗളൂരു അവസാന സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ടീമിലെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് മാതൃകയായത്. തൊട്ടുപിന്നാലെ മന്‍ജീപ് സിംഗ്(0), ഡിവില്ലിയേഴ്സ്(8), കേദാര്‍ ജാദവ്(8) എന്നിവരും മടങ്ങി. ഗെയില്‍ മാത്രമായിരുന്നു പിന്നെ അവരുടെ ആശ്വാസം. എന്നാല്‍ രണ്ടക്കം കാണാതെ ഗെയ്‌ലും(17 പന്തില്‍ 7) ബിന്നി(8), നേഗി(2), ബദ്രി(0) മില്‍സ്(2), ചാഹല്‍(0) എന്നിവരും വീണതോടെ ബംഗളൂരു ഇന്നിങ്ങ്സ് അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കൊല്‍ക്കത്തക്കു വേണ്ടി സുനില്‍ നരെയ്ന്‍(17 പന്തില്‍ 34), ഗംഭീര്‍(14), ഉത്തപ്പ(11), മനീഷ് പാണ്ഡെ(15), സൂര്യകുമാര്‍ യാദവ്(15), ക്രിസ് വോക്സ്(18) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബംഗളൂരുവിനായി ചാഹല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.