വിമാനക്കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കും

പാരീസ്‌| WEBDUNIA|
ഐസ്‌ലന്‍ഡിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഭാഗമായി യൂറോപ്പിനു മുകളില്‍ രൂപംകൊണ്ട കരിമേഘം മൂലം വ്യോമ ഗതാഗതം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വിമനക്കമ്പനികള്‍ക്കുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഭാഗമായുണ്ടായ സര്‍വീസ്‌ മുടക്കം ഉണ്ടാക്കിയതിനെക്കാള്‍ വലിയ സാമ്പത്തിക ബാധ്യതയാണ്‌ ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

ഇന്നലെ പകുതിയോളം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നെങ്കിലും 30 ശതമാനം വിമാനസര്‍വീസുകള്‍ മാത്രമാണ് പുനരാരംഭിക്കാനായത്. യൂറോപ്പില്‍ 8000നും 9000നും ഇടയ്ക്കു വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

പ്രതീക്ഷിച്ചതു പോലെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ആശുപത്രികള്‍, കമ്പനികള്‍ തുടങ്ങി ധാരാളം സ്ഥാപനങ്ങള്‍ക്കു വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വഴിയില്‍ കുടുങ്ങിപ്പോയതാണു കാരണം.

ഇതിനിടെ, തങ്ങളുടെ ഒന്നരലക്ഷം പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ രണ്ടു പടക്കപ്പലുകള്‍ അയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഐസ്‌ലന്‍ഡിലെ അഗ്നിപര്‍വതം ഇപ്പോള്‍ ചാരം പുറന്തള്ളുന്നതു കുറഞ്ഞിട്ടുണ്ടെന്നു കാലാവസ്ഥാ പഠനകേന്ദ്രം വിദഗ്ധര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :