യുദ്ധകുറ്റകൃത്യം: ബംഗ്ലാദേശ് എംപിക്ക് വധശിക്ഷ

ധാക്ക| WEBDUNIA|
PRO
PRO
ബംഗ്ലാദേശ് മുഖ്യപ്രതിപക്ഷ പാര്‍ട്ടി എംപിയായ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരിയെ യുദ്ധകുറ്റകൃത്യം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചു. പ്രത്യേക യുദ്ധ കുറ്റകൃത്യ കോടതിയുടേതാണ് വിധി. 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ട കാലത്ത് പാകിസ്ഥാനോടൊപ്പം ചേര്‍ന്ന് ആയിരക്കണക്കിനു പേരെ കൊല്ലുന്നതിന് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. കൂട്ടക്കൊല, കൊലപാതകം തുടങ്ങിയ എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ ചുമത്തിയിരുന്നത്.

ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) അംഗമായ ചൗധരിക്കെതിരെ ചുമത്തിയ 23 ആരോപണങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതേസമയം രാഷ്ട്രീയപ്രേരിതമായ വിചാരണയാണ് ചൗധരിക്കെതിരെ നടന്നതെന്ന് ബിഎന്‍പി പാര്‍ട്ടി കുറ്റപ്പെടുത്തി. 2010ല്‍ ആവാനി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് യുദ്ധ കുറ്റകൃത്യ ട്രിബ്യൂണല്‍ രൂപീകരിച്ചത്. എതിരാളികള്‍ക്കെതിരെയുള്ള രാഷ്ട്രീയപകപോക്കലിനു വേണ്ടിയാണ് അവാനി ലീഗ്, യുദ്ധ കുറ്റകൃത്യ ട്രിബ്യൂണല്‍ സ്ഥാപിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ട്രിബ്യൂണലിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

വിധിപ്രസ്താവനയെ തുടര്‍ന്ന് ധാക്കയിലും ചൗധരിയുടെ ജില്ലയായ ചിറ്റഗോംഗിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ജമാത്തെ ഇസ്ലാമി പാര്‍ട്ടി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയ്ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചപ്പോള്‍ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സമരങ്ങള്‍ ബംഗ്ലാദേശില്‍ നടന്നിരുന്നു. സാഖ എന്നറിയപ്പെടുന്ന സലാഹുദ്ദീന്‍ ചൗധരി ബിഎന്‍പിയുടെ നയരൂപീകരണ സമിതിയിലെ പ്രധാനിയാണ്.

കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകല്‍, ഹിന്ദുക്കള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റല്‍ എന്നീ കുറ്റങ്ങളാണ് ചൗധരിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചത്. യുദ്ധസമയത്ത് ചിറ്റഗോംഗിലെ ചൗധരിയുടെ അച്ഛന്റെ വീട് പീഡനകേന്ദ്രമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കിഴക്കന്‍ പാക്കിസ്ഥാനെ(ഇപ്പോഴത്തെ ബംഗ്ലാദേശ്) സ്വതന്ത്രരാജ്യമാക്കുന്നതിനെതിരെ പാക്കിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരുടെ വിചാരണയ്ക്കു വേണ്ടിയാണ് നിലവിലെ സര്‍ക്കാര്‍ 2010ല്‍ പ്രത്യേക കോടതി സ്ഥാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ ഏതാണ്ട് മുപ്പത് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :