യുഎസ് വിമാനം തകര്‍ക്കുമെന്ന് യാത്രക്കാരന്‍

ലോസ്‌ഏഞ്ചല്‍‌സ്| WEBDUNIA| Last Modified ശനി, 24 ഏപ്രില്‍ 2010 (13:05 IST)
വെള്ളിയാഴ്ച ലോസ്‌ഏഞ്ചല്‍‌സില്‍ നിന്ന് ഫ്ലോറിഡയിലേക്ക് പോവുകയായിരുന്ന ഡെല്‍റ്റ എയര്‍‌ലൈന്‍സ് വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ആളെ യാത്രക്കാരും വിമാന ജോലിക്കാരും ചേര്‍ന്ന് കീഴടക്കി പൊലീസിനു കൈമാറി. ഭീഷണിയെ തുടര്‍ന്ന് വിമാനം ആല്‍ബുക്കര്‍ക്കിലേക്ക് ഗതിമാറ്റിയിരുന്നു.

ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന സ്റ്റാന്‍ലി ഡേന്‍ ഷെഫീല്‍ഡാണ് വെള്ളിയാഴ്ച രാത്രി വിമാനയാത്രക്കാര്‍ക്ക് ഭീഷണിയായത്. യാത്ര പുറപ്പെട്ട് 90 മിനിറ്റു കഴിഞ്ഞ ശേഷമാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ പ്രകടനം ആരംഭിച്ചത്. സീറ്റില്‍ ഇരിക്കാതെ എഴുന്നേറ്റു നിന്ന ഷെഫീല്‍ഡിനോട് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ജോലിക്കാര്‍ ചോദിച്ചെങ്കിലും മറുപടി നല്‍കിയില്ല.

തുടര്‍ന്ന്, വിമാനത്തില്‍ നിന്ന് ഒരു വെള്ളത്തിന്റെ ബോട്ടില്‍ എടുത്ത ഇയാള്‍ അത് ഉറക്കത്തിലായിരുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ മേല്‍ തളിച്ചു. പിന്നീട് വിമാനത്തിന്റെ പ്രധാന വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയ ഇയാള്‍ സാത്താനെ കുറിച്ച് പറയുന്നുണ്ടായിരുന്നു എന്ന് സഹയാത്രികര്‍ വെളിപ്പെടുത്തുന്നു.

വിമാനം ഉടന്‍ നിലത്തിറക്കണം അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ വാതില്‍ തുറക്കും എന്നായിരുന്നു ആദ്യം ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പിന്നീട്, വിമാനം ഇറക്കിയില്ല എങ്കില്‍ യാത്രക്കാര്‍ക്കും തനിക്കും നരകത്തിലേക്ക് പോകാമെന്നും വിമാനം സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

അസാമാന്യ ആരോഗ്യമുണ്ടായിരുന്ന ഇയാളെ ഏഴോളം യാത്രക്കാര്‍ ചേര്‍ന്ന് ബന്ധനസ്ഥനാക്കുകയായിരുന്നു. ആല്‍ബുക്കര്‍ക്കില്‍ വച്ച് ഇയാളെ പൊലീസിനു കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :