മുഷറഫ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചു

ലണ്ടന്‍| ശ്രീകലാ ബേബി| Last Modified ശനി, 2 ഒക്‌ടോബര്‍ 2010 (09:44 IST)
ലണ്ടനില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് സ്വന്തം നാട്ടിലേക്ക് തിരികെയെത്തുമെന്ന സൂചന ശക്തമാകുന്നു. തിരിച്ചുവരവിന് മുന്നോടിയെന്നോണം മുഷറഫ് ലണ്ടനില്‍ ‘ഓള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്’ എന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി.

പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന രാഷ്ട്രീയ - സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം തന്റെ പുതിയ പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരികയാണ്. പാകിസ്ഥാനിലെ എല്ലാ ദേശസ്നേഹികളെയും ഒരു കൊടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. ആ കൊടി ഓള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റേതായിരിക്കണമെന്നും മുഷറഫ് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ പറഞ്ഞു.

ലണ്ടനിനെ ‘വണ്‍ വൈറ്റ്‌ഹാള്‍ പ്ലേസ്’ ക്ലബ്ബില്‍ വച്ച് നടന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഇന്ത്യയുമായി സമാധാനം നിലനിര്‍ത്ത്ന്‍ പരമാവധി ശ്രമം നടത്തുമെന്നും പാകിസ്ഥാനില്‍ സൈനിക അധികാരം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നും മുഷറഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍, മുഷറഫ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയാല്‍ വിചാരണ നടപടികളെ നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, തനിക്ക് വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണ് തിരികെയെത്തുന്നത് എന്ന നിലപാടാണ് മുഷറഫിന്റേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :