ഫേസ്ബുക്കില്‍ ലാദന് അക്കൌണ്ടില്ല!

ന്യൂയോര്‍ക്ക്| WEBDUNIA|
അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പേരിലുള്ള ഒരു അക്കൌണ്ട് നിഷ്ക്രിയമാക്കിയതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ലാദന്റെ പേരില്‍ സൃഷ്ടിച്ച അക്കൌണ്ടിന് ‘1,000 ‘ഫാന്‍സ്’ ഉണ്ടായിരുന്നു എന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാനായി സാമൂഹിക വെബ്സൈറ്റ് ഉപയോഗിച്ചതാണ് ഫേസ്ബുക്ക് അധികൃതരെ ചൊടിപ്പിച്ചത്.

പ്രശസ്തി നേടിയവരുടെയും ഒപ്പം കുപ്രസിദ്ധി നേടിയവരുടെയും പേരില്‍ വ്യാജ അക്കൌണ്ടുകള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാല്‍, ഇതിനെതിരെ ഫേസ്ബുക്കിന് നിരവധി സാങ്കേതിക മുന്‍‌കരുതലുകളും ഉണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു.

വെളിയാഴ്ചയാണ് ലാദന്റെ പേരിലുള്ള അക്കൌണ്ട് നിഷ്ക്രിയമാക്കിയത്. അല്‍-ക്വൊയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അല്‍-സഹാബ് മീഡിയ ഗ്രൂപ്പ് നിര്‍മ്മിച്ച ഇസ്ലാമിക തീവ്രവാദികളുടെ പ്രസംഗങ്ങളും മറ്റും പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ ഫേസ്ബുക്ക് അക്കൌണ്ട് മരവിപ്പിക്കാന്‍ തീരുമാനമായത്.

നിഷ്ക്രിയമാക്കിയ അക്കൌണ്ടില്‍ ലാദനെ ‘മുജാഹിദ്ദീന്റെ രാജകുമാ‍രന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. താമസസ്ഥലം ‘ലോകത്തിലെ പര്‍വതങ്ങള്‍’ എന്നും പറഞ്ഞിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :