പാക് അതിര്‍ത്തി പ്രശ്ന മേഖല: ഹിലരി

WEBDUNIA| Last Modified വ്യാഴം, 29 ജനുവരി 2009 (11:55 IST)
പാക്-അഫ്ഗാന്‍ അതിര്‍ത്തി മേഖല ആ രാജ്യങ്ങളിലെയും അതിനപ്പുറത്തുമുള്ള പ്രശ്നങ്ങളുടെയും ഉറവിടമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍ പറഞ്ഞു. പാക്-അഫ്ഗാന്‍ തീവ്രവാദ മേഖലയില്‍ നേരത്തേ ചെയ്ത നടപടികളെക്കുറിച്ചും ഭാവിനടപടികളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഹിലാരി അറിയിച്ചു.

പാകിസ്ഥാനിലേക്കു അഫ്ഗാനിസ്ഥാനിലേക്കും പ്രത്യേക പ്രതിനിധിയായി യുഎസ് ഭരണകൂടം നിയമിച്ച റിച്ചാര്‍ഡ് ഹോള്‍ ബ്രൂക്കിന് കശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യാനുള്ള ചുമതലയില്ലെന്ന് അമേരിക്ക വ്യക്തമാക്കിരുന്നു.

ഇന്ത്യയ്ക്ക് ഇക്കാര്യത്തിലുള്ള ആശങ്കയകറ്റുന്നതും ഇന്ത്യ-പാക്ക് പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രം പരിഹരിക്കണമെന്ന ഇന്ത്യന്‍ നിലപാട് ഒബാമ ഭരണകൂടം അംഗീകരിക്കുന്നതിനു തെളിവാണ് ഈ പ്രസ്താവന. പാക്-അഫ്ഗാന്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷം ഇരുരാജ്യങ്ങളിലും കൊണ്ടുവരുകയെന്നതാണ് ഹോള്‍ ബ്രൂക്കിന്റെ ചുമതലയെന്ന് അമേരിക്കന്‍ വിദേശകാര്യ ആക്‌ടിംഗ് വക്താവ് റോബര്‍ട്ട് വുഡ് അറിയിച്ചു.

കാശ്മീര്‍പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പാകിസ്ഥാനും ഇന്ത്യയ്ക്കും വ്യക്തമായ വീക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒബാമ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അഫ്ഗാന്‍ മേഖലയില്‍ പാകിസ്ഥാനെപ്പോലെ ഇന്ത്യയ്ക്കും ഇറാനും സുപ്രധാന പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് യു.എസ്. സേന സംയുക്ത ചെയര്‍മാന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :