സ്റ്റോക്ക്ഹോം|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (14:01 IST)
ഗര്‍ഭപാത്രം കൃത്രിമമായി വെച്ചുപിടിപ്പിച്ച സ്ത്രീ സുഖമായി പ്രസവിച്ചു. സ്വീഡന്‍കാരിയായ 36 കാരിയാണ് വൈദ്യരംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു കുടുംബസുഹൃത്തിന്റെ ഗര്‍ഭപാത്രം സ്വീകരിച്ച ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
മാസം തികയാതെയുള്ള പ്രസവമാണെങ്കിലും കുഞ്ഞ് ആരോഗ്യവാനാണ്. 4,500-ല്‍ ഒരു പെണ്‍കുട്ടിക്കു മാത്രം സംഭവിക്കുന്ന ഗര്‍ഭപാത്രമില്ലാത്ത അവസ്‌ഥയുമായി പിറന്ന യുവതി കുടുംബസുഹൃത്തായ 60 കാരിയുടെ ഗര്‍ഭപാത്രമാണ് സ്വീകരിച്ചത്.
ഇത്തരമൊരു നീക്കം വിജയിപ്പിച്ചെടുത്തത് ഗോഥന്‍ബര്‍ഗ് ആന്റ് സ്‌റ്റോക്ക്‌ഹോം ഐവിഎഫ് സര്‍വകലാശാലയുടെ ഗൈനക്കോളജി പ്രൊഫസര്‍ ഡോ മാറ്റ്‌സ് ബ്രാണ്‍സ്‌റ്റോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഗര്‍ഭപാത്രം കൃത്രിമമായി വെച്ചു പിടുപ്പിച്ച ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദമ്പതികളുടെ ബീജവും അണ്ഡവും ഒരുമിച്ച് നിക്ഷേപിച്ചു.
ഒരു പഠനത്തിന്റെ ഭാഗമായി ബ്രാണ്‍സ്‌റ്റോം ഇക്കാര്യം ഒമ്പതു സ്‌ത്രീകളില്‍ പരീക്ഷിച്ചിരുന്നു. ഇതില്‍ രണ്ടു പേരുടെ ഗര്‍ഭപാത്രം ഈ വര്‍ഷം ആദ്യം നീക്കുകയും ചെയ്‌തു. ഇവരില്‍ ഒരാളുടെ പ്രസവമാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയായത്.