കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ന് ചർച്ച; രഹസ്യ ചർച്ച വേണമെന്ന് സമിതിയോട് ചൈന

‘ഇന്ത്യ– പാക്കിസ്ഥാൻ ചോദ്യം’ എന്ന ഇനം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചു.

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (08:57 IST)
കശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ ഇന്ത്യൻ പാർലമെന്റ് എടുത്തുകളഞ്ഞതിനെതിരെ ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി യോഗം വിളിക്കണമെന്നു ചൈന. ‘ഇന്ത്യ– പാക്കിസ്ഥാൻ ചോദ്യം’ എന്ന ഇനം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു കത്തയച്ചു.

കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതിൽ, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാൻ പറയുന്നു. പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.

അതേ സമയം രക്ഷാ സമിതി യോഗം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും വെള്ളിയാഴ്ച രാവിലെയോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും യുഎന്‍ നയതന്ത്രജ്ഞന്‍ അറിയിച്ചു.

കശ്മീരില്‍ ഇന്ത്യയുടെ പുതിയ നീക്കം യുഎന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ ഖുറേഷി ചൈനയിലെത്തി വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :