സൌരയുഥത്തില്‍ ഗ്രഹങ്ങള്‍ എട്ടല്ല, പത്താണ്, ഒരുപക്ഷെ അതിലും അധികം!!!

കാലിഫോര്‍ണിയ| vishnu| Last Updated: ശനി, 17 ജനുവരി 2015 (13:56 IST)
ബഹിരാകാശം മനുഷ്യന്റെ ചിന്തകള്‍ക്കും അപ്പുറത്തായതിനാല്‍ അതിലെ ഓരോ വിവരങ്ങളും ശാസ്ത്രജ്ഞര്‍ മുതല്‍ ശസ്ത്രകുതുകികളായ സാധാരണക്കാര്‍ക്കുവരെ അത്ഭുതവും ആകാംക്ഷയും നല്‍കുന്നതാണ്. അങ്ങനെയിരിക്കെ നമ്മുടെ ഭൂമിയുള്‍പ്പെടുന്ന സൌരയുഥത്തിലെ കുള്ളന്‍ ഗ്രഹമായ് പ്ലൂട്ടൊയെ ഗ്രഹപദവിയില്‍ നിന്ന് പുറത്താക്കിയത് വാര്‍ത്തയായി. അതിനു ശേഷം സൌരയുഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് എട്ടായത് പലരേയും കുണ്ടിതപ്പെടുത്തി. എന്നാല്‍ നമ്മള്‍ അറിഞ്ഞതിലും അധികം ഗ്രഹങ്ങള്‍ ഇനിയും സൌരയുഥത്തില്‍ ഉണ്ടെന്ന് വന്നാലൊ?

അമ്പരക്കേണ്ട, അതിനും സാധ്യതയുണ്ട് എന്നുമാത്രമല്ല അതിനു തക്ക തെളിവുകളും ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. സൗരയൂഥത്തില്‍ നെപ്ട്യൂണിന് അപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായാണ് ശാസ്ത്രജ്ഞര്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. സൗരയൂഥത്തിന്റെ ബാഹ്യവിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ ഭ്രമണപഥത്തിന്റെ സവിശേഷതകള്‍ പഠിച്ച യൂറോപ്യന്‍ ഗവേഷകര്‍ക്കാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ ലഭിച്ചത്.

സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറം കുള്ളന്‍ഗ്രഹമായ പ്ലൂട്ടോ സ്ഥിതിചെയ്യുന്ന മേഖലയില്‍ മാത്രം മഞ്ഞുകട്ടകള്‍ നിറഞ്ഞ 1500 ലേറെ ചെറുവസ്തുക്കള്‍ ഉള്ളതായി ഗവേഷകര്‍ക്കറിയാം. എന്നാല്‍ ആ മേഖലയില്‍ വലിയ ഗ്രഹങ്ങാള്‍ ഉള്ളതായി ഒരു സൂചനപോലും ഇതേവരെ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നില്ല. അപ്പോഴാണ് പുതിയ കണ്ടെത്തലുമായി യൂറോപ്യം ഗവേഷകര്‍ എത്തുന്നത്.
മാഡ്രിഡ് കംപ്ലൂട്ടന്‍സ് സര്‍വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

നെപ്ട്യൂണിന്റെ പരിക്രമണപഥം കടന്നെത്തുന്ന വസ്തുക്കളെ സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തം പറയുന്നത്, അത്തരം വസ്തുക്കള്‍ 150 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ( AU ) അകലെ വരെയുള്ള ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും, അവ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥതലത്തില്‍ തന്നെയാകും സ്ഥിതിചെയ്യുക എന്നുമാണ്.
ഇതായിരുന്നു ഇത്രയും കാലം ഗവേഷകര്‍ ധരിച്ചുവച്ചിരുന്നത്.

എന്നാല്‍ സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തുനിന്ന് നെപ്ട്യൂണിനിപ്പുറത്തേക്ക് ഇടയ്ക്ക് അതിര്‍ത്തി ലംഘിച്ചെത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങളുടെ ചെരിവ് പഠിച്ചപ്പോഴാണ്, രണ്ടോ അതിലധികമോ വലിയ ഗ്രഹങ്ങള്‍ സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ ഉണ്ടാകാമെന്ന് സൂചന ലഭിച്ചത്. നിരീക്ഷണത്തിനിടയില്‍ നെപ്ട്യൂണിനിപ്പുറത്തേക്ക് ഇടയ്ക്ക് അതിര്‍ത്തി ലംഘിച്ചെത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങളുടെ ചെരിവില്‍ 20 ശതമാനത്തില്‍ അധികം വ്യത്യാസം ഉണ്ടാകുന്നതായി ഗവേഷകര്‍ക്ക് മനസിലായി.

ഇത്രയധികം ചരിവ് വസ്തിക്കള്‍ക്കുണ്ടാകണമെങ്കില്‍ ഈ മേഖലയില്‍ വലിയ ഗ്രഹങ്ങള്‍ ഉണ്ടാകണം. അതും വലുതും ഗുരുത്വാകര്‍ഷണവുമുള്ള ഗ്രഹങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ആ മേഖലയില്‍ ശക്തമായ ഗുരുത്വാകര്‍ഷണമുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉണ്ടായിരിക്കണം. എന്നാല്‍ അത് ഗ്രഹങ്ങളായിരിക്കാനാണ് കൂടുതല്‍ സാധ്യത. നെപ്ട്യൂണിന് അപ്പുറം നമ്മള്‍ ഇനിയും കണ്ടെത്താത്ത വലിയ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട് എന്നതാണ് ഇക്കാര്യത്തില്‍ ഗവേഷകര്‍ നല്‍കുന്ന വിശദീകരണം. കുറഞ്ഞത് രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി, ഒരുപക്ഷേ അതില്‍ കൂടുതല്‍ എണ്ണം, സൗരയൂഥത്തില്‍ ഉണ്ടാകാമെന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഇത് വലിയ പ്രതിസന്ധിയാണ് ഗവേഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് വന്നാല്‍, സൗരയൂഥത്തിന്റെ ഘടന തന്നെ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ഗവേഷകര്‍ കരുതുന്നു. സൗരയൂഥത്തിന്റെ രൂപീകരണം സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് പുതിയ നിഗമനം. നെപ്ട്യൂണിനപ്പുറം വാര്‍ത്തുള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹവും ഉണ്ടാകില്ല എന്നണ് നിലവിലുള്ള സിദ്ധാന്തം പറയുന്നത്.

അതേസമയം ഇതിനെ ഖണ്ഢിക്കാന്‍ ഗവേഷകര്‍ക്കിടയില്‍ മറുവാദവുമുണ്ട്. എച്ച്.എല്‍.ടൗറി എന്ന നക്ഷത്രത്തില്‍നിന്ന് 100 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെ ഗ്രഹരൂപീകരണം നടക്കുന്നത് അടുത്തയിടെ അല്‍മ ( ALMA ) റേഡിയോ ടെലസ്‌കോപ്പ് കണ്ടെത്തിയിരുന്നു. അതിനാല്‍ ഇപ്പോള്‍ സൌരയുഥത്തിലും കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ അസ്വഭവികതയൊന്നുമില്ല എന്നാണ് ഗവേഷകെ പറയുന്നത്. അതേസമയം തങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കാനാശ്രയിച്ചത് ചെറിയ തോതിലുള്ള ഡേറ്റകളെ ആയിരുന്നു എന്നതിനാല്‍ പുതിയ കണ്ടെത്തലില്‍ മറ്റുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ നിരീക്ഷണങ്ങള്‍ നടക്കുന്നതോടെ ആ പരിമിതി മറികടക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ബഹിരാകാശ പഠനത്തില്‍ മറ്റൊരു അധ്യായമായിരിക്കും രചിക്കപ്പെടുക. നമ്മള്‍ പഠിച്ച പല്‍കാര്യങ്ങളും മാറ്റി എഴ്തേണ്ടിവരും എന്ന് സാരം. ഏതായാലും തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തില്‍ രണ്ട് വ്യത്യസ്ത പഠനഫലങ്ങളായി പ്രസിധീകരിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :