യുഎസില്‍ വെടിവെപ്പ്; പൊലീസ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വെടിവെപ്പ് , അമേരിക്ക , പ്ലാൻഡ് പേരന്റ്ഹുഡ് , പൊലിസ്
വാഷിംഗ്‌ടണ്‍| jibin| Last Updated: ശനി, 28 നവം‌ബര്‍ 2015 (08:48 IST)
അമേരിക്കയിലെ കൊളറാഡോയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പില്‍ പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാരടക്കം 11 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഓഫീസറാണ്. വെടിവെപ്പ് നടത്തിയ അക്രമിയെ കസ്റ്റഡിയിലെടുത്തതായി കൊളറാഡോ മേയർ അറിയിച്ചു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുടുംബാസൂത്രണ രംഗത്ത് പ്രവർത്തിക്കുന്ന 'പ്ലാൻഡ് പേരന്റ്ഹുഡ്' എന്ന സന്നദ്ധ സംഘടനയുടെ ക്ലിനിക്കിലാണ് അക്രമം ഉണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയ അക്രമി സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ക്ലീനിക്കിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഇയാള്‍ വെടിയുതിര്‍ത്തതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നു. സംഭവമുണ്ടായതിന് മിനിറ്റുകള്‍ക്കുള്ളില്‍ വന്‍ പൊലീസ് സംഘം പ്രദേശത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ഓഫീസുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു.

അതേസമയം ആക്രമണ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗര്‍ഭ ഛിദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം ഇതിനു മുന്‍പും പ്ളാന്‍ഡ് പേരന്റ് ഹുഡിനെതിരെ ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്ലാൻഡ് പേരന്റ്ഹുഡിന്റെ ക്ലിനിക്കുകൾക്ക് സുരക്ഷ ശക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :