തുര്‍ക്കിയുടെ അതിബുദ്ധി തുലച്ചത് ഐ‌എസ് വിരുദ്ധ ഐക്യം... മൂന്നാം ലോകയുദ്ധ ഭീതിയില്‍ രാജ്യങ്ങള്‍

ഡമാസ്‌കസ്| VISHNU N L| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (16:53 IST)
റഷ്യയുടെ സുഖോയ് എസ് യു24 യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കിയുടെ എഫ് 16 യുദ്ധ വിമാനങ്ങൾ വെടിവച്ചുവീഴ്‌ത്തിയ സംഭവം വീണ്ടും -ശീതയുദ്ധതീലേക്ക് വഴുതി വിണു. തുര്‍ക്കിക്ക് കടുത്ത തിരിച്ചടി നല്‍കാന്‍ എയർ ഡിഫൻസ് സിസ്റ്റമുള്ള പടക്കപ്പൽ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ചാണ് റഷ്യ പ്രതികാരത്തിനൊരുങ്ങുന്നത്.

ഏത് സമയത്തും തുര്‍ക്കിയിലേക്ക് ബോംബുകള്‍ വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുർക്കിക്ക് തിരിച്ചടി നൽകാൻ സേനയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ നിർദ്ദേശം നൽകി കഴിഞ്ഞു. സിറിയയിലെ ഐസിസ് ഭീകരർക്കെതിരെയുള്ള പടനീക്കത്തിൽ മേഖലയിൽ റഷ്യൻ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്ത് ടാർഗറ്റും തകർക്കാനാണ് പുടിന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം തുര്‍ക്കിക്ക് പിന്തുണയുമായി അമേരിക്കന്‍ നിയന്ത്രിത നാറ്റോ സഖ്യം രംഗത്തെത്തിയത് പ്രശ്നം വഷളാക്കിയിരിക്കുകയാണ്. റഷ്യയ്ക്ക് പിന്നില്‍ ഇറാനും ചൈനയും സൌദിയും അണിനിരന്നതോടെ ലോകം വീണ്ടും ഒരു മഹായുദ്ധ ഭീതിയിലേക്ക് വീണിരിക്കുകയാണ്.

ഭീകരരോട് കൂട്ടുകൂടിയുള്ള പ്രവർത്തനമാണ് തുർക്കി നടത്തിയിരിക്കുന്നതെന്നാണ് പുടിൻ വിമാനം തകർത്തതിനെപ്പറ്റി പ്രതികരിച്ചത്. ഐഎസ് ഭീകരരുമായി തുർക്കി എണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നും തുർക്കിക്ക് റഷ്യ ഒരു ഭീഷണിയുമില്ലാതിരുന്നിട്ടും ഭീകര വിരുദ്ധ യുദ്ധത്തിലെ ധാരണകൾ ലംഘിച്ച് വിമാനം തകർത്തതിന്റെ പിന്നിൽ ഐസിസ് സ്‌നേഹമാണെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ പാരീസ് ഭീകരാക്രമണത്തെ തുടർന്ന് ലോക ശക്തികൾക്കുള്ള ഐക്യം തുര്‍ക്കിയുടെ അതിബുദ്ധിയുടെ ഫലമായി തകരുന്നതിന്റെ സൂചനയും കിട്ടി. ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കാണ്. മേഖലയിലെ റഷ്യന്‍ ആക്രമണങ്ങള്‍ വിഘടിച്ചുപോകാനെ ഇത് ഉപകരിക്കൂ. വിമാനം വെടിവച്ചിട്ടത് നാറ്റോയുടേയും അമേരിക്കയുടേയും അറിവോടെയാണെന്ന വാദം ഉയര്‍ന്നു കഴിഞ്ഞു.

വിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായ മേഖലയിൽ തുർക്കിക്ക് പിന്തുണയുമായി നാറ്റോ രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്. നാറ്റോ അംഗരാജ്യം റഷ്യൻ വിമാനം വെടിവച്ചുവീഴ്‌ത്തുന്നത് അര നൂറ്റാണ്ടിന് ശേഷം ആദ്യമായാണ്. അതുകൊണ്ടുതന്നെ റഷ്യൻ ശക്തിയെ വിലകുറച്ച് കാണാനുള്ള നീക്കമായി ഇതിനെ പുട്ടിൻ കാണുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ നിയന്ത്രണം റഷ്യയിലേക്ക് എത്താതിരിക്കാനുള്ള നീക്കമായാണ് പുട്ടിന് ഇതിനെ വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് തിരിച്ചടി നൽകാൻ റ്ഷ്യ കരുതലോടെ തയ്യാറെടുക്കുന്നത്.

ഐസിസിനെ തകർക്കാൽ ഓരോ രാജ്യവും ആവുന്നത് ചെയ്യണമെന്ന യുഎൻ പ്രമേയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ സംഭവ വികസങ്ങള്‍. തുര്‍ക്കിക്കെതിരെ റഷ്യ ആക്രമണം നടത്തിയാല്‍ നാറ്റോ സഖ്യം പ്രശ്നത്തില്‍ ഇടപെടും. ഇത് റഷ്യയുടെ പക വര്‍ധിപ്പിക്കുകയേ ഉള്ളു. പകയും കുടിപ്പകയുമായി ഇരു ശക്തികളും ഏറ്റുമുട്ടിയാല്‍ ഇതിനിടയിലൂടെ കാര്യം കാണുന്നത് ഇസ്ലാമിക് സ്റ്റേറ്റാകും.

ലോകം വലിയൊരു ഭീകരവിപത്തിലൂടെയാണ് പോകുന്നതെന്നാണ് ഇത് നല്‍കുന്ന സൂചന. ഐസിസിനെതിരായ ഉന്മുലന യുദ്ധം കടുപ്പിക്കാനാണ് റഷ്യന്‍ തീരുമാനം. ഇതിനൊപ്പം തുർക്കിയേയും ആക്രമിക്കും. സിറിയയിലെ വിമതർക്ക് തുർക്കി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നാണ് റഷ്യൻ നിലപാട്. വിമതർക്കും ഐസിസിനും പ്രചോദനം നൽകാനാണ് തുർക്കി വിമാനത്തെ വെടിവച്ചിട്ടത്. സിറിയയിൽ തകർന്നടിയുന്ന ഐസിസ് ഭീകരതയ്ക്ക് കരുത്ത് പകരനായിരുന്നു ഇതെന്നാണ് റഷ്യയുടെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് തുർക്കിയേയും ആക്രമിക്കാൻ കഴിയുന്ന തരത്തിലേക്ക് പടനീക്കം തുടങ്ങിയത്.

റഷ്യയ്ക്ക് ഇറാനും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള സേനകളുടേതുമടക്കം 2000ത്തോളം സൈനികർ തയ്യാറായി നിൽപ്പുണ്ട്. തുർക്കിക്ക് എതിരെ അലെപ്പോയിൽ ഇറാനും ആക്രമണത്തിൽ പങ്ക് ചേരും. ഇറാൻ പിന്തുണയുള്ള ഖുദ്‌സ് സേനയും റഷ്യയ്‌ക്കൊപ്പമാണ്. ചൈനയും സൗദിയും അടക്കമുള്ള രാജ്യങ്ങളും റഷ്യയ്‌ക്കൊപ്പമാണുള്ളത്. ഏത് നിമിഷവും ചൈനയും ആക്രമണത്തില്‍ പങ്കുചേരുമെന്നാണ് വിവരം.

ഏതായാലും റഷ്യയുടെ യുദ്ധ നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അമേരിക്കയും നാറ്റോയുമെല്ലാം. ഏതായാലും ആണവ പോർമുന പോലും ഒരുക്കി തുർക്കിയെ സഹായിക്കാനാണ് ബ്രിട്ടണിനോട് അമേരിക്ക നിർദ്ദേശിച്ചിട്ടുള്ളത്.
സിറിയയിൽ റഷ്യയുടെ പ്രധാന വ്യോമത്താവളം വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ലടാക്കിയയിലാണ്. 2000ത്തോളം ട്രൂപ്പുകളെയാണ് റഷ്യ സിറിയയിലേയ്ക്ക് അയച്ചിരിക്കുന്നത്. 1970കളിൽ സോവിയറ്റ് യൂണിയൻ ഈജിപ്റ്റിൽ നടത്തിയ സൈനികവിന്യാസത്തിന് ശേഷം ഏറ്റവും വലുതാണ് ഇത്.

അതിനിടെ തുർക്കി വെടിവച്ചിട്ട റഷ്യൻ യുദ്ധവിമാനത്തിലെ പൈലറ്റുമാർക്കായി തിരിച്ചിൽ നടത്തുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെ വിമത സേനയുടെ ആക്രമണവുമുണ്ടായി. ഇതിൽ ഒരു റഷ്യൻ മറീൻ കൊല്ലപ്പെട്ടു. വിമാനം തകർന്നുവീണയിടത്ത് തിരച്ചിൽ നടത്തുകയായിരുന്ന റഷ്യൻ ഹെലികോപ്റ്ററിന് നേരെയാണ് സിറിയൻ വിമത സേന വെടിയുതിർത്തത്. യുദ്ധവിമാനം വെടിവച്ചിട്ടതിനെ തുടർന്ന് പാരച്യൂട്ടിൽ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരിൽ ഒരാളെ ഇന്നലെ വിമതസേന വധിച്ചിരുന്നു.

മറ്റൊരാളെ ഉതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളേയും വിമത സേന പിടികൂടിയിട്ടുണ്ടാകാമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് വിമത സേന തോക്കുപയോഗിച്ച് വെടിയുതിർത്തത്. ഉടൻ തന്നെ ഹെലികോപ്റ്റർ വിജനമായ സ്ഥലത്ത് അടിയന്തര ലാൻഡിങ് നടത്തിയെങ്കിലും മോർട്ടാർ ആക്രമണത്തിൽ അത് തകർന്നതായും ഒരു മറീൻ കൊല്ലപ്പെട്ടതായും റഷ്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

രക്ഷാപ്രവർത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിൻവലിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് വീഴ്‌ത്തിയതായി വിമത സേനയും അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു. സെപ്റ്റംബർ 30 ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 456 ഐസിസ് കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല.

സിറിയയിലെ റഷ്യൻ അക്രമണങ്ങളിൽ ഇതുവരെ 1331 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ 381 പേർ ഐസിസ് തീവ്രവാദികളും 547 അൽ നുസ്‌റ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. സിറിയയിലെ ആക്രമണങ്ങളിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷവും തങ്ങൾ വൻ സൈനികശക്തിയായി തന്നെ തുടരുന്നതായി പാശ്ചാത്യ ചേരിയെ ബോദ്ധ്യപ്പെടുത്തുകയെന്ന ഉദ്ദശമാണ് റഷ്യ നടത്തുന്നത്. പല ദിവസങ്ങളിലും സിറിയയിൽ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :