ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 4 നവംബര്‍ 2015 (10:28 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് വ്യക്തമാക്കിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നതോടെ താരത്തിനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്. ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന മുസ്‌ലിമുകളെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നതായും ഹാഫിസ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഷാരൂഖ് ഖാന് പാകിസ്ഥാനിലേക്ക് വരാം. കലാ, കായിക മേഖലകളിലും സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മുസ്‌ലിമുകള്‍
ഇന്ത്യയിൽ ഒരു സ്ഥാനം കണ്ടെത്തുന്നതിനായി ഇവർ പോരാടുകയാണ്. മുസ്‌ലിം ആയതുകൊണ്ട് ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് പാകിസ്ഥനില്‍ എത്താമെന്നും ഹാഫിസ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതായി അഭിപ്രായപ്പെട്ട ഷാറൂഖ് ഖാനെതിരെ ബിജെപി നേതാക്കളായ കൈലാഷ് വിജയ്‌വർഗിയ, സ്വാധി പ്രാചി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജന്റാണ്. എത്രയും വേഗം അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണം. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന ആരോപണത്തില്‍ പുരസ്കാരം മടക്കിനൽകുന്നവർ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അവരെ വിചാരണ ചെയ്യണമെന്നുമാണ് സാധ്വി പറഞ്ഞത്.
ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്നാൽ ആത്മാവ് പാകിസ്ഥാനിലാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇവിടെ കോടികളാണ് കളക്‌ഷൻ നേടുന്നത്. എന്നാൽ ഇന്ത്യയിൽ അസഹിഷ്ണുതയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതു ദേശവിരുദ്ധ പ്രസ്താവനയല്ലെങ്കിൽ പിന്നെന്താണ്. യുഎന്നിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും കൈലാഷ് വിജയ്‌വർഗിയ പറഞ്ഞത്.
രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലാകാരന്‍മാരും എഴുത്തുകാരും പ്രതികരിക്കുന്ന രീതിയോട് ബഹുമാനമുണ്ട്. പലരും ആലോചിക്കാതെ വാക്കുകള്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം മതേതര വാദി ആവാതിരിക്കുക എന്നതാണെന്നും കിംഗ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹചര്യത്തിലേക്കും അവസ്ഥയിലേക്കും താന്‍ എത്തിയിട്ടില്ല. അവര്‍ സമൂഹത്തിനായി ചെയ്‌ത പ്രവര്‍ത്തികളേക്കാള്‍ കൂടുതലായി താന്‍ ഒന്നും ചെയ്‌തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ സമരരീതിയോട് ബഹുമാനമുണ്ട്. പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അത് ധീരവും സത്യസന്ധവുമാണ്. ഒരു സിനിമ താരം എന്ന നിലയില്‍ തന്റെ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.
നാം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ ആളുകള്‍ എന്റെ വീട്ടിനു മുന്നില്‍ വന്നു കല്ലെറിയുകയും ചെയ്യുന്നു. ഞാന്‍ ഒരു നിലപാട് എടുക്കുകയാണെങ്കില്‍, അതിന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്നും ഷാരൂഖ് പറഞ്ഞു. അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യാ റ്റുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.