ബിജെപി പാകിസ്ഥാനില്‍ നിന്ന് സംഭാവന വാങ്ങിയതായി ജെഡിയു

പട്ന| VISHNU N L| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (13:47 IST)
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി പാകിസ്ഥാനില്‍ നിന്ന് സംഭാവന വാങ്ങിയതായി ആരോപിച്ച് ജെഡിയു രംഗത്ത്. സംഭാവന ചോദിച്ചു കൊണ്ട് ബിജെപി, ഡോൺ പത്രത്തിൽ സ്ഥിരമായി പരസ്യം നൽകുന്നുണ്ടെന്ന് അറിയാൻ സാധിച്ചു.

എന്തിനാണ് ബിജെപി പാക്ക് പത്രത്തിൽ സംഭാവന ആവശ്യപ്പെടുന്നതെന്നും ആരൊക്കെയാണ് പാക്കിസ്ഥാനിൽ നിന്നും സംഭാവന നൽകുന്നതെന്നും വ്യക്തമാക്കാണമെന്നും ജെഡിയു ആവശ്യപ്പെട്ടു.

ഐഎസ്ഐ ആണോ സംഭാവന നൽകുന്നത്? ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ പതാക ഉയരുമ്പോൾ അതിനെതിരെ നടപടിയെടുക്കാതിരിക്കുന്നതിനാണോ സംഭാവന നൽകുന്നതെന്നും ജെഡിയു നേതാവ് അജയ് അലോക്ക് ചോദിച്ചു.

ജെഡിയു പാക് വെബ്സൈറ്റുകളില്‍ രസ്യം നൽകുന്നുവെന്ന് വിമർശിച്ച ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ പരസ്യം നൽകിയാൽ അത് പാക്ക് വെബ്സൈറ്റായ ദ ഡോണിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സൈറ്റുകളിൽ വരുമെന്നും ജെഡിയു പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് പാക്ക് ഓൺലൈൻ വെബ്സൈറ്റായ ദ ഡോണിൽ പരസ്യം വന്നത്. ഇതിനെ ബിജെപി നേതാവ് ഗിരിരാജ് സിങ് ചോദ്യം ചെയ്തിരുന്നു. ബിഹാറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാന് എന്താണ് കാര്യമെന്നും പിന്നീട് എന്തിനാണ് പരസ്യം നീക്കിയതെന്നും സിങ് ചോദിച്ചിരുന്നു. ഇതിനാണ് ജെഡിയു ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :