മോഡി സര്‍ക്കാര്‍ രാജ്യത്ത് നിക്ഷേപാനുകൂല സാഹചര്യമൊരുക്കി: രഘുറാം രാജന്‍

ന്യൂയോര്‍ക്ക്| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (15:49 IST)
രാജ്യത്ത് നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞതായി ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വളരെ ജാഗ്രത കാട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ എക്കണോമിക് ക്ലബ്ബില്‍ ഒരു സംവാദത്തില്‍ പങ്കെടുക്കവേയാണ് രഘുറാം രാജന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

രാജ്യത്ത് നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് ഏറെ പ്രധാനം. വ്യവസായ സാഹചര്യമൊരുക്കുന്നതില്‍ നികുതിഘടന നിര്‍ണായകമാണ്. കാലഹരണപ്പെട്ട നികുതിഘടന അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട് ആദ്യം തന്നെ പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായി. ചരക്കുസേവന നികുതി (ജിഎസ്ടി) നിയമം നടപ്പാക്കിയത് ഉചിതമായ സമയത്താണെന്ന് പറഞ്ഞ രഘുറാം രാജന്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തെയും പ്രകീര്‍ത്തിച്ചു.

നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും വളര്‍ച്ചയിലേക്ക് നയിക്കാനും സബ്‌സിഡി ഉള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളില്‍ സര്‍ക്കാര്‍ ഗൗരവകരമായി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന്‍ സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി ഉറപ്പാക്കി മുന്നോട്ടുപോകുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് അദ്ദേഹം വീക്ഷിച്ചു.

സാധാരണ എല്ലാ പുതിയ സര്‍ക്കാരുകളെയും പോലെ യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നത്. വിരുദ്ധശക്തികളെ അരിഞ്ഞുവീഴ്ത്താനെത്തുന്ന വ്യക്തിയെന്ന ചിത്രമായിരുന്നു മോഡിയുടേത്. എന്നാല്‍ ഈ താരതമ്യം ഉചിതമായിരുന്നില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :