മിനാ ദുരന്തം; മരണസംഖ്യ ഉയര്‍ന്നേക്കും, 14 ഇന്ത്യക്കാര്‍ മരിച്ചു

മിനാ ദുരന്തം , ഹജ് കർമ്മത്തിലെ അപകടം , ഇന്ത്യാക്കാര്‍ മരിച്ചു
മക്ക| jibin| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:32 IST)
ബലി പെരുനാൾ ദിനത്തിൽ ഹജ് കർമത്തിനിടെ മിനായിൽ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 717 പേര്‍ മരിച്ചുവെന്നാണ് നിലവിലെ കണക്കുകളില്‍ പറയുന്നതെങ്കിലും പരുക്കേറ്റവരുടെ നില അതീവഗുരുതരമായി തുടരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി തീരുന്നുണ്ട്. അതേസമയം, ദുരന്തത്തിൽ ഒരു മലയാളിയടക്കം 14 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം ലഭിച്ചു.


മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) മരിച്ചതായും ഭാര്യ സുലൈഖ പരുക്കുകളോടെ ആശുപത്രിയിലാണെന്നും ബന്ധുക്കൾക്കു വിവരം ലഭിച്ചു. റിയാദിൽ നിന്നാണ് ഇദ്ദേഹം ഹജ് കർമ്മത്തിനായി പോയത്. കോട്ടയം സ്വദേശിയായ സക്കീബിന് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

രണ്ട് തമിഴ്നാട്ടുകാരും രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളും ഒരു മഹാരാഷ്ടക്കാരനും 9 ഗുജറാത്തികളും മരിച്ചതായാണ് വിവരം. ഇവരില്‍ പത്ത് പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ഹജ്ജിന് പോയത്. ഇതിനിടയില്‍ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സൗദി സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരില്‍ നൂറിലേറെ പേര്‍ ഇറാനികളാണ്. ആഫ്രിക്കന്‍ സ്വദേശികളാണ് മരിച്ചവരിലേറെയും.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കർമത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ 107ൽ അധികം പേർ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :