മാര്‍ക്‌സിസം കാലഹരണപ്പെട്ടതായി ചൈനീസ് കരസേന മേധാവിയുടെ തുറന്നുപറച്ചില്

ബെയ്ജിംഗ്| VISHNU N L| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (16:12 IST)
കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് തത്വങ്ങളില്‍ ഊന്നിയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോ സേതുങ്ങിന്റെ നേതൃത്വത്തില്‍ അധികാരം നേടിയത്. എന്നാല്‍ ചൈനയിലെ മാത്രമല്ല ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് നേതാക്കളെ ഞെട്ടിച്ച് കൊണ്ട് മാര്‍ക്സിസം കാലഹരണപ്പെട്ടുവെന്ന തുറന്നുപറച്ചിലുമായി ചൈനീസ് പട്ടാള മേധാവി രംഗത്ത് വന്നു. പെക്കിങ് സര്‍വ്വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സമ്മേളനത്തില്‍ വച്ചാണ് മാര്‍ക്സിസം കാലഹരണപ്പെട്ടുവെന്ന് ചൈനീസ് കരസേന മേധാവി ജനറല്‍ ലിയു യാഷു പറഞ്ഞത്.

20 രാജ്യങ്ങളില്‍ നിന്നെത്തിയ നാനൂറിലധികം വിദഗ്ദരുടെ മുന്നിലായിരുന്നു ജനറല്‍ ലിയു യാഷു കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞത്. സാമൂഹിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പരാജയപ്പെട്ടുവെന്നും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു. ചൈനയിലെ മാറുന്ന സാമൂഹിക അന്തരീക്ഷത്തില്‍ കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ ആദര്‍ശങ്ങള്‍ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നും മുന്നറിയിപ്പ് നല്‍കി.

ഒരു തത്വശാസ്ത്രത്തെ മറ്റൊന്ന് കൊണ്ട് നശിപ്പിക്കുക അസാധ്യമാണ്. എന്നാല്‍ ഏതൊരു തത്വശാസ്ത്രത്തെയും തകര്‍ക്കാന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കരുത്തുണ്ടെന്ന് ലിയു യാഷു പറഞ്ഞു. ചൈനയില്‍ യുവാക്കള്‍ക്കിടയില്‍ കമ്മ്യൂണിസത്തോടുള്ള താല്‍പര്യക്കുറവ് തിരിച്ചറിഞ്ഞ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് പട്ടാളമേധാവി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ച പ്രസംഗം നടത്തിയത്. മാര്‍ക്‌സിസവും മനുഷ്യരാശിയുടെ വികസനവുമെന്നതായിരുന്നു സമ്മേളന പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :