ചൊവ്വയുടെ രഹസ്യമെന്ത്? തിങ്കളാഴ്ച നാസ വെളിപ്പെടുത്തും, ആകാംക്ഷയില്‍ ലോകം

ന്യുയോര്‍ക്ക്‌| VISHNU N L| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (11:57 IST)
ചൊവ്വയുടെ രഹസ്യത്തേക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനൊരുങ്ങുന്നു. ഇത്രയും നാള്‍ ചൊവ്വയില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം ലഭിച്ച വിവരങ്ങളില്‍ നിന്ന് നാസ എന്തോ മഹാര്‍ക്കഹസ്യം കണ്ടെത്തിയതായാണ് വിവരങ്ങള്‍. സെപ്റ്റംബര്‍ 28 അഥവാ തിങ്കളാശ്ച നാസ ഈ രഹസ്യം ലോകത്തോട് വിളിച്ചുപറയും.

നാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നാസയുടെ പ്രഖ്യാപനം ലൈവായി കാണാനാവും. യുകെ സമയം ഉച്ചകഴിഞ്ഞ് 4.30 നാണ് പ്രഖ്യാപനം. ജിം ഗ്രീൻ, മൈക്കിൾ മെയർ, മേരി ബേത്ത് വിൽഹം എന്നീ പ്രമുഖ നാസ ശാസ്ത്രജ്ഞരും മീറ്റിങ്ങിൽ പങ്കെടുക്കും. ലുജേന്ദ്ര ഓജ, ആൽഫ്രണ്ട് മക്ഈവൻ എന്നി നാസയുടെ വക്താക്കളുമുണ്ടാകും യോഗത്തില്‍.

ചൊവ്വയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചാണു പുതിയ പ്രഖ്യാപനമെന്നു സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നു. കാരണം ചൊവ്വയുടെ ഗെയ്ല് ഗര്‍ത്തത്തേക്കുറിച്ചും(Mars' Gale crater) ചൊവ്വയിലെ ലീനിയ
(lineae)യേക്കുറിച്ചും ഗവേഷണം നടത്തിയവരാണ് ലുജേന്ദ്ര ഓജ, ആൽഫ്രണ്ട് മക്ഈവൻ എന്നിവര്‍. ഇവിടെ ജലസാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

അതേസമയം സൂപ്പര്‍ മൂണ്‍ പ്രതിഭാസം ലോകമെങ്ങും ദൃശ്യമാകുന്ന ദിവസം തന്നെ പ്രഖ്യാപനത്തിനു തിരഞ്ഞെടുത്തിരിക്കുന്നത് ദുരൂഹത ഉണര്‍ത്തുന്നതാണ്. സൂപ്പര്‍ മൂണ്‍ ലോകാവസാനത്തിന്റെ സൂചനകളാണെന്ന പ്രചാരണങ്ങള്‍ ലോകത്ത് ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കേയാണ് പ്രഖ്യാപനമെന്നതിനാല്‍ ലോകത്തിന്റെ സകല ഭാഗത്തുനിന്നുള്ളവരും പ്രഖ്യാപനമെന്താണെന്ന ആകാക്ഷയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :