മാലിയില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 170 പേരെ ഭീകരര്‍ ബന്ധികളാക്കി

ബാമാക്കോ| VISHNU N L| Last Updated: വെള്ളി, 20 നവം‌ബര്‍ 2015 (17:55 IST)
പാരീസ് ആക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പേ സമാനമായ രീതിയില്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലും ഭീകരാക്രമണം. തലസ്ഥാനമായ ബാമാക്കോയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. തോക്ക്ധരിച്ചെത്തിയ അക്രമികളുടെ ആക്രമണത്തില്‍ മൂന്നുമരണം റിപ്പോർട്ട് ചെയ്തു. രണ്ട് മാലി പൗരന്മാരും ഒരു ഫ്രഞ്ചുകാരനുമാണ് കൊല്ലപ്പെട്ടത്.

ഹോട്ടലിലുള്ള 170 പേരെ ബന്ദികളാക്കി. ഇതിൽ 30 പേർ ഹോട്ടൽ ജീവനക്കാരാണ്. സുരക്ഷാ സേന ഹോട്ടൽ വളഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള 20 പേരടങ്ങുന്ന സംഘം ഹോട്ടലില്‍ ഉള്ളതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ദികളിൽ യുഎസ്, ഫ്രഞ്ച്, ബെൽജിയം, ചൈനീസ് പൗരൻമാർ ഉണ്ടെന്നാണ് വിവരം. പത്തോളം വരുന്ന അക്രമി സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
എന്നാല്‍ മാലിയില്‍ ഇസ്ലാമികനിയമം സ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ അല്‍ ദീന്‍ ആണ് ആക്രമത്തിനു പിന്നിലെന്നു കരുതുന്നു.


തങ്ങള്‍ ജിഹാദികളാണെന്ന് ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്രപ്രതിനിധികൾ യാത്ര ചെയ്യുന്ന വാഹനത്തിലാണ് അക്രമികൾ എത്തിയത്. ഹോട്ടലിൽ പ്രവേശിച്ചയുടനെ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. യന്ത്രതോക്കുപയോഗിച്ചായിരുന്നു ആക്രമണം. അക്രമികൾ അറബിയിൽ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

അതേസമയം 15 ബന്ദികളെ ഹോട്ടലിൽ നിന്നു രക്ഷപെടുത്തിയതായി വാര്‍ത്തകളുണ്ട്. ഇതിൽ ഐക്യരാഷ്ട്രസംഘടനയുടെ മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എന്നാൽ എത്ര യുഎൻ ഉദ്യോഗസ്ഥർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നതിനു വ്യക്തത വന്നിട്ടില്ല. ഗിനിയിലെ പ്രമുഖ ഗായകനും, ടർക്കിഷ് എയർലൈൻസിന്റെ മൂന്നു ജീവനക്കാരും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എയര്‍ലൈന്‍സിന്റെ നാലു ജീവനക്കാരെക്കുറിച്ചു വിവരമില്ല.

യുഎസ് ഉടമസ്ഥതയിലുള്ള ഹോ‌ട്ടലിൽ താമസിക്കുന്നത് മാലിയിൽ തൊഴിൽ ചെയ്യുന്ന വിദേശികളാണ്. ആഭ്യന്തര കലഹം നടക്കുന്ന മാലിയില്‍ ശക്തമായ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. തലസ്ഥാന നഗരിയുടെ നിയന്ത്രണം ഭീകരര്‍ കയ്യിലാക്കുന്നത് ഒഴിവാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുരക്ഷാസേന ജാഗ്രത പാലിക്കുന്നതിനിടയിലാണ് ആക്രമണം.

മാലിയില്‍ ഇസ്ലാമിക ഭീകരരെ തുരത്തുന്നതില്‍ ഫ്രാന്‍സ് വിജയിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് ഇന്നലെ പ്രസ്താവിച്ചതിനു പിറ്റേന്നാണ് ഹോട്ടല്‍ ആക്രമണമെന്നതു ശ്രദ്ധേയമാണ്. മുന്‍ ഫ്രഞ്ച് കോളനിയാണ് മാലി.
ഓഗസ്റ്റിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ യുഎൻ തൊഴിലാളികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. അന്നും ഹോട്ടലിലേക്ക് ഇരച്ചു കയറിയ ശേഷം ബന്ദികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :