മക്കയില്‍ ക്രയിന്‍ തകര്‍ന്ന് വീണ് മലയാളി ഉള്‍പ്പെടെ 107 പേര്‍ മരിച്ചു

മക്ക| VISHNU N L| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (08:23 IST)
ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മലയാളി ഉള്‍പ്പെടെ 107 പേര്‍ മരിച്ചു. 200-ലധികം പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് (39) മരിച്ചത്. മുഹമ്മദ് ഇസ്മയിലിനൊപ്പം നാലുദിവസം മുമ്പാണ് മൂമിന മക്കയിലേക്ക് പോയത്. ഇദ്ദേഹത്തിന് പരിക്കില്ലെന്നാണ് അറിയുന്നത്.

പരുക്കേറ്റ ഇന്ത്യക്കാരില്‍ നാലു പേർ ഇന്ത്യന്‍ കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ ഹജ് മിഷൻ ആശുപത്രിയിലും മറ്റുളളവർ കിങ് അബ്ദുൽഅസീസ്, നൂര്‍, സാഹിര്‍ ആശുപത്രികളിലുമാണ്. വൈകിട്ട് അഞ്ചു മണിക്കു ശേഷമായിരുന്നു അപകടം. ഹജ്ജിന് 10 ദിവസത്തോളം ബാക്കി നില്‍ക്കെയാണ് ദുരന്തം. മരണസംഖ്യ ഉയരാനിടയുണ്ട്. ഹറം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ക്രെയിനുകളിലൊന്നാണ് വെള്ളിയാഴ്ച വൈകിട്ട് തകര്‍ന്നുവീണത്. പ്രാദേശികസമയം അഞ്ചരയോടെയാണ് സംഭവം.

വെള്ളിയാഴ്ചയായതിനാല്‍ മക്കയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരുന്നു. മഗ്‌രിബ് നമസ്‌കാരത്തിനായി തീർഥാടകർ ഹറമിലേക്ക് എത്തുന്ന സമയമായതും ദുരന്തവ്യാപ്‌തി കൂട്ടി. പ്രദക്ഷിണം നടത്തുകയായിരുന്ന തീർഥാടകർക്കു മുകളിലേക്കാണു ക്രെയിന്‍ പൊട്ടിവീണത്.
. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഹറം പള്ളി വിപുലപ്പെടുത്തുന്നതിനുള്ള പണികള്‍ നടക്കുന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹജ്ജിനെത്തുന്നവരുടെ എണ്ണത്തില്‍ സൗദി കഴിഞ്ഞവര്‍ഷം കുറവുവരുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :