യു എ ഇയിൽ പോയി കള്ളുകുടിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ... പണികിട്ടാതെ നോക്കാം !

യു എ ഇയിൽ കള്ളുകുടിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

UAE , Dubai , alcohol , യു എ ഇ , ദുബായ് , മദ്യപാനം
സജിത്ത്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (14:04 IST)
ജോലിക്കും ടൂറിസ്റ്റ് വിസയിയിലുമൊക്കെയായി യു എ ഇയിലേക്കെത്തുന്ന എല്ലാ വിദേശികളും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. മദ്യപാനം പോലുള്ള ശീലമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും ഇതെല്ലാം അറഞ്ഞിരിക്കണം. യു എ ഇയിലെ ഈ പുതിയ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ കനത്ത പിഴയോടുക്കേണ്ടിവരുകയോ അല്ലെങ്കില്‍ ജയിലിൽ കിടക്കുകയോ വേണ്ടി വന്നേക്കും. മദ്യപാനവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ ചില പുതിയ നിയമങ്ങൾ നോക്കാം.

യു.എ.ഇയിലെ നിരത്തുകളിലോ പൊതുസ്ഥലങ്ങളിലോ വച്ച് മദ്യപിക്കുന്നത് നിയമ വിരുദ്ധമാണ്. മദ്യം വിളമ്പാൻ ലൈസൻസുള്ള ഹോട്ടലുകളിൽ നിന്നും മാത്രമേ മദ്യപിക്കാന്‍ പാടുള്ളൂ. അതല്ലെങ്കില്‍ ആൽക്കഹോൾ ലൈസൻസുള്ള ആള്‍ക്ക് മദ്യഷാപ്പുകളിൽ നിന്നും മദ്യം വാങ്ങുകയും ചെയ്യാം. ലൈസൻസില്ലാത്ത വ്യക്തികളാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ കനത്ത ശിക്ഷയായിരിക്കും അനുഭവിക്കേണ്ടി വരുക.

മദ്യലഹരിയിയിൽ വാഹനമോടിക്കുന്നന്നതും യു.എ.ഇയിൽ കനത്ത ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. യു.എ.ഇയിൽ നടക്കുന്ന 14.33 ശതമാനം അപകടങ്ങളും മദ്യലഹരിയെ തുടർന്നാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം കര്‍ശനമാക്കിയത്. മദ്യലഹരിയിൽ വാഹനമോടിച്ച് പിടിക്കപ്പെടുകയാണെങ്കില്‍ പരമാവധി 20,000 ദിർഹം വരെ പിഴയും ആറ് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു.

മാത്രമല്ല ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം തടഞ്ഞുവയ്ക്കുമെന്നും നിയമത്തില്‍ പറയുന്നു. സഹപ്രവർത്തകരെ സാരമായി ബാധിച്ചേക്കുമെന്നതിനാല്‍ ജോലിസ്ഥലത്തെ മദ്യപാനവും ഗുരുതര കുറ്റകൃത്യമായാണ് യു.എ.ഇയിലെ നിയമം കണക്കാക്കുന്നത്. ജോലിസ്ഥലത്ത് മദ്യപിച്ച നിലയിൽ പിടിക്കപ്പെട്ടയാളെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു.

യു എ യിലേക്കെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി നാല് ലിറ്റർ മദ്യവും രണ്ട് കെയ്സ് ബിയറും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങി യു എ ഇയിലേക്ക് കൊണ്ട് വരാന്‍ കഴിയൂവെന്നും നിയമത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :