തിരഞ്ഞെടുപ്പ് തോല്‍വി സമ്മതിക്കുന്നു, പക്ഷേ പോരാട്ടം തുടരും: കമല ഹാരിസ്

എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും ഏറെ നന്ദി,' കമല പറഞ്ഞു

Kamala Harris
രേണുക വേണു| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (08:33 IST)
Kamala Harris

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അമേരിക്കയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടങ്ങള്‍ തുടരുമെന്നും കമല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കമല അഭിനന്ദിച്ചു.

' ഈ തിരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ ആഗ്രഹിച്ചതല്ല, ഞങ്ങള്‍ പോരാടിയതും വോട്ട് ചെയ്തതും ഇതിനു വേണ്ടിയല്ല. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ വെളിച്ചം പ്രകാശിച്ചു നില്‍ക്കും. അതിനായുള്ള പോരാട്ടം ഞങ്ങള്‍ തുടരും. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും ഏറെ നന്ദി,' കമല പറഞ്ഞു.

' വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്തോടുള്ള സ്‌നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് എല്ലാവരേയും ഒന്നിച്ചു ചേര്‍ത്തത്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്,' കമല കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :